കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും ക്ഷേത്രങ്ങൾ ലക്ഷ്യമിട്ട് വൻ കവർച്ച പരമ്പര. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ആറ് പ്രമുഖ ക്ഷേത്രങ്ങളിലാണ് സമാനമായ രീതിയിൽ മോഷണം നടന്നിട്ടുള്ളത്.
ഏറ്റവും ഒടുവിലായി തൃക്കാക്കര കുണ്ടാട്ടുകാവ് ക്ഷേത്രത്തിലാണ് കള്ളൻ കയറിയത്. കളമശ്ശേരി കുസാറ്റ് ക്യാമ്പസിന് സമീപം സ്ഥിതി ചെയ്യുന്ന കുണ്ടാട്ടുകാവ് ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ പുലർച്ചെയോടെയാണ് മോഷണം നടന്നത്.
ക്ഷേത്രത്തിൽ നിന്നും 25 കിലോഗ്രാം ഭാരമുള്ള വലിയ കെടാവിളക്ക്, 7 തൂക്കുവിളക്കുകൾ, രണ്ട് കിണ്ടി എന്നിവയാണ് നഷ്ടപ്പെട്ടത്. ചൊവ്വ, വെള്ളി, ശനി ദിവസങ്ങളിൽ മാത്രമാണ് സാധാരണയായി ഇവിടെ നടതുറക്കുന്നത്.
രാവിലെ ജീവനക്കാർ ക്ഷേത്രത്തിലെത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ഈ മേഖലയിൽ കഴിഞ്ഞ കുറേ ദിവസങ്ങളായി തുടർച്ചയായി ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് കവർച്ച നടക്കുന്നുണ്ട്.
പാതിരക്കാട്ട് കാവ്, വട്ടേക്കുന്നം മുരുക ക്ഷേത്രം, കളമശ്ശേരി ചുള്ളികാവ് ഭഗവതി ക്ഷേത്രം, കൂനംതൈ ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം തുടങ്ങിയ ഇടങ്ങളിലും സമാനമായ രീതിയിൽ കള്ളൻ കയറിയിരുന്നു. പല ക്ഷേത്രങ്ങളിൽ നിന്നും വിലപിടിപ്പുള്ള വിളക്കുകളും പൂജാസാധനങ്ങളുമാണ് നഷ്ടപ്പെട്ടിട്ടുള്ളത്.
സംഭവത്തിൽ പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്. എങ്കിലും ഇതുവരെ ആരെയും പിടികൂടാൻ സാധിച്ചിട്ടില്ല.
നഗരത്തിൽ നടന്ന ഈ മോഷണങ്ങൾക്ക് പിന്നിൽ ഒരേ സംഘം തന്നെയാണോ പ്രവർത്തിക്കുന്നത് എന്ന കോണിലാണ് ഇപ്പോൾ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

