യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘അവസാന സന്ദേശവുമായി’ എത്തിയ പാക്കിസ്ഥാൻ സംയുക്ത സൈനിക മേധാവിക്ക് ഇറാനിൽ കനത്ത തിരിച്ചടിയും അവഗണനയും നേരിട്ടതായി റിപ്പോർട്ട്. ടെഹ്റാനിൽ എത്തിയ അസിം മുനീറിനെ ഇറാന്റെ പുതിയ സുരക്ഷാ കൗൺസിൽ മേധാവി മൊഹ്സെൻ റെസായി അപമാനിച്ചതായാണ് ലബനീസ് പത്രമായ അൽ അഖ്ബർ റിപ്പോർട്ട് ചെയ്തത്.
ചർച്ചകൾക്കിടെ ‘വിമാനത്തിലേക്ക് തിരികെ പോകാൻ’ വരെ അസിം മുനീറിനോട് റെസായി ആവശ്യപ്പെട്ടതായാണ് വിവരം. ഇറാന്റെ ആണവ പദ്ധതി പൂർണമായും ഉപേക്ഷിക്കണമെന്ന ട്രംപിന്റെ അന്ത്യശാസനം കൈമാറാനാണ് മുനീർ ടെഹ്റാനിൽ എത്തിയത്.
ആണവ പദ്ധതിയുമായി ബന്ധപ്പെട്ട ചർച്ചകളിൽ ഇറാൻ വഴങ്ങാൻ തയ്യാറാകണമെന്ന് അസിം മുനീർ റെസായിയെ അറിയിച്ചതായി ഇറാൻ ഇന്റർനാഷണൽ റിപ്പോർട്ട് ചെയ്തു.
എന്നാൽ ഇറാന്റെ ഏഴ് നിബന്ധനകൾ യുഎസ് അംഗീകരിക്കണമെന്നായിരുന്നു ഇറാന്റെ ശക്തമായ പ്രതികരണം. അസിം മുനീറിന് ഇറാനിൽ നിന്നും അങ്ങേയറ്റം തണുത്ത സ്വീകരണമാണ് ലഭിച്ചതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റെസായിയും മുനീറും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ശാരീരികഭാഷ വിശകലനം ചെയ്തുകൊണ്ടാണ് ഈ നിഗമനങ്ങൾ. ചർച്ചയ്ക്കിടെ റെസായിക്കു കൈകൊടുക്കുമ്പോൾ അസിം മുനീർ മുന്നോട്ടാഞ്ഞ് ആലിംഗനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും റെസായി നിവർന്ന് നേരെ നിൽക്കുന്നതും തിരികെ ആലിംഗനം ചെയ്യാത്തതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
കൂടാതെ മുനീറിന് റെസായി അധികനേരം ഹസ്തദാനം നൽകാൻ പോലും തയ്യാറായില്ല. ഈ സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് കനത്ത അവഗണന നേരിട്ടെന്ന വാർത്തകൾ പുറത്തുവരുന്നത്.
ടെഹ്റാനിൽ എത്തിയ അസിം മുനീർ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഘർ ഖാലിബാഫ് തുടങ്ങിയ ഉന്നത നേതൃത്വങ്ങളുമായും ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ ഇറാന് പുതുതായി ഒന്നും പറയാനില്ലെന്ന് ഖാലിബാഫ് മുനീറിനെ വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

