‘കുളത്തുവയൽ പള്ളിയിൽ മണിയായി കെട്ടിത്തൂക്കിയിട്ടിരുന്നത് ഒരു തൂമ്പയാണ്. ശവമടക്കുമ്പോൾ ഈ തൂമ്പയിൽ കല്ലുകൊണ്ടുമുട്ടും.
അതായിരുന്നു മണിനാദം. ഒരു ദിവസം 13 പ്രാവശ്യം മണിയടിക്കുന്നതു കേട്ടിട്ടുണ്ട്….’ കുറവിലങ്ങാട് ജോസഫ് എഴുതിയ ‘കോണിപ്പടികൾ’ എന്ന കൃതിയിൽ പൂഞ്ഞാറുകാരനായ പുത്തൂർ ജോൺ വൈദ്യരുടെ ഓർമകളിൽനിന്നുള്ള ഭാഗമാണിത്.
അക്കാലത്തിന്റെ ഭീതിയെ കൃത്യമായി വരച്ചിടുന്നു ഇത്. കുടിയേറ്റ മേഖലകളിൽ മലമ്പനി ഏറ്റവുമധികം താണ്ഡവമാടിയ ഒരിടമായിരുന്നു കോഴിക്കോട്ടെ കുളത്തുവയൽ…!.
പേടിച്ചിട്ടെന്ത് കാര്യം ?
93 വയസ്സുണ്ട് കുംബ്ലാട്ടുകുന്നേൽ ഏലിക്കുട്ടിക്ക്. ചങ്ങനാശ്ശേരി കങ്ങഴയിൽനിന്ന് ഒൻപതാം വയസ്സിൽ തിരുവമ്പാടിയിലേക്കു പോരുകയായിരുന്നു.
അമ്പലപ്പാറയിലും നാൽപതുമേനിയിലുമാണ് ആദ്യകാലത്തു താമസിച്ചത്. തിരുവമ്പാടി പള്ളിയിലെ നാലാമത്തെ വിവാഹമായിരുന്നു തന്റേതെന്ന് ഏലിക്കുട്ടി.
ഇപ്പോഴത്തെ വീട്ടിലേക്ക് 1947ലാണ് മാറിയത്. കാര്യമായിട്ടു പഠിക്കാനുള്ള സാഹചര്യം കിട്ടിയില്ലെന്ന സങ്കടമുണ്ട് ഇപ്പോഴും.
പക്ഷേ, ആശാൻകളരിയിൽ പോയി ഓലയിൽ എഴുതുകയും വായിക്കാൻ പഠിക്കുകയും ചെയ്തു. ആങ്ങളമാരാണ് ആദ്യം നാൽപതുമേനിയിലെത്തിയത്.
അവർ 2 വർഷത്തോളം ഏറുമാടം കെട്ടി താമസിച്ച ശേഷമാണ് അമ്മച്ചിയൊക്കെ വന്നത്. കൃഷിക്കായി കാടു വെട്ടുമ്പോൾ തൊട്ടു മുകളിൽ കാട്ടാനകൾ മേയുന്നതു ഏലിക്കുട്ടി പല തവണ കണ്ടിട്ടുണ്ട്.
‘പേടിയാവില്ലേ’ എന്ന ചോദ്യത്തോട് ചിരിച്ചുകൊണ്ടുള്ള മറുചോദ്യമിതാണ്; പേടിച്ചിട്ടെന്തു കാര്യം ? അതൊരു കാലത്തിന്റെ ചോദ്യമാണ്. ജീവിക്കാൻ വേണ്ടി അവസാന തുരുത്തുതേടി മലബാറിൽ എത്തിയവരെ കാടും മലയും കാട്ടുമൃഗങ്ങളും തീരാവ്യാധികളുമൊന്നും പിന്തിരിപ്പിച്ചില്ല.
അവർക്കു ജീവിക്കണമായിരുന്നു. വീണുപോയവരെ അവിടങ്ങളിൽത്തന്നെ അടക്കി.
പശുക്കൾ ഇഷ്ടം പോലെയുണ്ടായിരുന്നെന്നും കുരുമുളകു കൃഷികൊണ്ടാണ് കുടുംബം പച്ചപിടിച്ചതെന്നും ഏലിക്കുട്ടി പറയുന്നു. മലബാർ അഥവാ മരണം !
‘മലബാറിൽ പോകുകയെന്നാൽ മരിച്ചു പോകുക’ എന്നായിരുന്നു അന്ന് അർഥമെന്നു പറയുന്നതു ചൂരക്കാട്ട് ബാലകൃഷ്ണൻ (കുഞ്ഞുമോൻ– 77).
തൊടുപുഴ താലൂക്കിൽ നിന്നാണ് 1942ൽ കുടുംബം തിരുവമ്പാടിയിലെത്തിയത്. ഇവിടെയെത്തിയ ശേഷമാണു കുഞ്ഞുമോന്റെ ജനനം.
അപ്പൻ അച്യുതനും സഹോദരിയുമാണു കുടിയേറിയത്. രണ്ടുപേരും പത്തര ഏക്കർ വീതം വാങ്ങി.
കപ്പ, തെരുവപ്പുല്ല്, രാമച്ചം, തെങ്ങ് എന്നിവയായിരുന്നു കൃഷി. നാട്ടിലെ സ്ഥലം പണയംവച്ചു കുടിയേറിയ ഇവർ പക്ഷേ, തൊടുപുഴയിലേക്കു തിരിച്ചുപോയില്ല.
താമസിച്ച ആദ്യ വീട് മണ്ണെണ്ണ വിളക്കു മറിഞ്ഞുവീടികത്തിനശിച്ചു. പന്നിക്കു വച്ച വെടിക്കെണിയിൽ വലതുകാൽ പോയതുപോലും അതിജീവനത്തിന്റെ കരുത്തോടെയാണു കുഞ്ഞുമോൻ പങ്കുവയ്ക്കുന്നത്.
കാട്ടുപന്നിയെ വീഴ്ത്താൻ വേറൊരാൾ വച്ച കെണിയിൽ അബദ്ധത്തിൽ തട്ടി തോക്കിലെ വെടിപൊട്ടി കാലിൽ തുളഞ്ഞുകയറുകയായിരുന്നു. തുളഞ്ഞ കാലുമായി 23–ാം പിറന്നാൾ ആശുപത്രിയിലായിരുന്നു.
അന്നുവരെയേ മര്യാദയ്ക്കു നടന്നിട്ടുള്ളൂ എന്നൊരു കൂട്ടിച്ചേർക്കലും. വീട്ടുമുറ്റത്തെത്തുന്ന കാട്ടാനകളിൽനിന്നു രക്ഷപ്പെടാൻ സമീപത്തെ ഉയരമുള്ള വീട്ടിലേക്കോടുന്നതൊക്കെ പതിവായിരുന്നു.
ഒരു കാൽ മുഴുവൻ ഉള്ളിലാക്കി ചുറ്റിവരിഞ്ഞുകിടന്ന പെരുമ്പാമ്പിനെ കത്തികൊണ്ടറുത്ത് ഒരാളെ രക്ഷപ്പെടുത്തിയതുപോലെ കുഞ്ഞുമോൻ കണ്ടതും കേട്ടതുമായ കഥകൾ ഏറെ വൈവിധ്യമാർന്നതാണ്. കുടിയേറ്റത്തെ ഉണർത്തിയ രാമവർമരാജ
ഉത്തര മലബാറിലെ കുടിയേറ്റം എന്നാൽ ആലക്കോട് പി.ആർ.രാമവർമരാജയുടെ ജീവിതകഥയാണ്.
1904ൽ പൂഞ്ഞാർ രാജകുടുംബത്തിൽ ജനിച്ച രാമവർമരാജയാണ് മലയോരം കാർഷിക കുടിയേറ്റ ഭൂമിയാക്കിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനായിരിക്കുമ്പോൾ 1936ൽ ആണ് ആദ്യമായി ആലക്കോട്ടെത്തുന്നത്.
അന്ന് ഇവിടെ 22,000 ഏക്കർ സ്ഥലം വാങ്ങി. അടുത്ത കൊല്ലം 10,000 ഏക്കറും.
1952ൽ ഭാര്യ ഭവാനിത്തമ്പുരാട്ടിക്കൊപ്പം (തിരുവിതാംകൂർ മഹാരാജാവ് ചിത്തിരത്തിരുനാളിന്റെ മാതൃസഹോദരി) ആലക്കോട്ടു താമസം തുടങ്ങി. തളിപ്പറമ്പിൽനിന്ന് ആലക്കോട് വഴി കർണാടക വനാതിർത്തിയിലെ വായിക്കമ്പ വരെ റോഡ് നിർമിച്ച് നാടിന്റെ വികസനത്തിനു തുടക്കമിട്ടു.
നാടുകാണി മുതൽ കർണാടക അതിർത്തി വരെയുള്ള പ്രദേശത്ത് കൃഷിയും തുടങ്ങി. യാത്രാസൗകര്യമായതോടെ കോട്ടയം, പൂഞ്ഞാർ, പൊൻകുന്നം പ്രദേശങ്ങളിൽനിന്നു കുടിയേറ്റക്കാരെത്തി.
അവർക്കു കുറഞ്ഞ വിലയ്ക്കു ഭൂമി നൽകി. തോട്ടവിളകളും നാണ്യവിളകളും ഉൾപ്പെടെ എല്ലാം കൃഷിചെയ്ത് അദ്ദേഹം മുന്നിൽനിന്നു.
റബർ പ്ലാന്റേഷൻ, ഏലത്തോട്ടം, കാപ്പിത്തോട്ടം, കറുവത്തോട്ടം ഒക്കെയായി വലിയ പ്രദേശം കൃഷിഭൂമിയാക്കി. ആലക്കോട് പഞ്ചായത്ത് ഓഫിസ്, വില്ലേജ് ഓഫിസ്, പോസ്റ്റ് ഓഫിസ്, പൊലീസ് സ്റ്റേഷൻ, ടെലിഫോൺ എക്സ്ചേഞ്ച്, കെഎസ്ഇബി സബ്സ്റ്റേഷൻ തുടങ്ങി രാജയുടെ ശ്രമഫലമായി ഉണ്ടായ വികസനങ്ങൾ എണ്ണിയാൽ തീരില്ല.
10 കൊല്ലം ആലക്കോട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന രാജ 2001 ഓഗസ്റ്റ് 11നു ആണു മരിച്ചത്. ആലക്കോട് ടൗണിനോടു ചേർന്നുള്ള ആലക്കോട് കൊട്ടാരത്തിൽ ഏക മകൾ കുമാരി വർമയും അവരുടെ മകൻ അജിത്ത് വർമയും ഭാര്യ ശ്രീകലയുമാണു താമസം.
ഊർജമായ റെയിൽപാത
1927ൽ പൂർണമായും കമ്മിഷൻ ചെയ്ത നിലമ്പൂർ–ഷൊർണൂർ റെയിൽപാത മലപ്പുറത്തേക്കുള്ള കുടിയേറ്റത്തിനു പകർന്ന ഊർജം ചില്ലറയല്ല. കോട്ടയത്തുനിന്ന് ബോട്ടിൽ എറണാകുളത്തെത്തി ട്രെയിൻ വഴി നിലമ്പൂർ മേഖലയിൽ എത്തുകയായിരുന്നു ആദ്യകാല കുടിയേറ്റക്കാർ.
കോഴിക്കോട്ടേക്കും വയനാട്ടിലേക്കും കണ്ണൂരിലേക്കുമുള്ള കുടിയേറ്റക്കാരെയും കൊണ്ടുവന്നതു ട്രെയിനുകളായിരുന്നു. കോഴിക്കോട് റെയിൽവേ സ്റ്റേഷനടുത്തുള്ള കോറണേഷൻ, ലക്ഷ്മിവിലാസം ലോഡ്ജുകളായിരുന്നു കുടിയേറ്റക്കാരുടെ ഇടത്താവളം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

