മയക്കുമരുന്ന് കേസിലെ പ്രധാന പ്രതിയെ രണ്ട് വർഷത്തെ ഒളിവ് ജീവിതത്തിനൊടുവിൽ കേരള പൊലീസ് പിടികൂടി. തൃശൂർ തലപ്പിള്ളി പൈങ്കുളം മങ്ങാട്ടു തൊടി വീട്ടിൽ രാഗേഷ് (ജുമാഞ്ചി – 32) നെയാണ് നെടുമ്പാശേരി പൊലീസ് ഹിമാചൽ പ്രദേശിലെ കുളുവിൽ നിന്ന് അറസ്റ്റ് ചെയ്തത്.
2024 ജൂൺ 27 ന് ബംഗലൂരുവിൽ നിന്ന് കാറിൽ കടത്തുകയായിരുന്ന 316 ഗ്രാം എംഡിഎംഎ, 2 എൽഎസ്ടിഡി സ്റ്റാംപ്, 420 ഗ്രാം കഞ്ചാവ് എന്നിവ അത്താണിയിൽ വെച്ചാണ് പിടികൂടിയത്. ഈ സംഭവവുമായി ബന്ധപ്പെട്ട് ആലുവ ചാലയക്കൽ തോട്ടു മുഖം കുമ്പശേരി വീട്ടിൽ ആസാദ് (38), മലപ്പുറം തിരൂരങ്ങാടി കീഴ്മുറി കൂവുള്ളി വീട്ടിൽ ഹരികൃഷ്ണൻ (28) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കൂടാതെ കേസിൽ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിരുന്നു. പ്രതികൾക്ക് മയക്കുമരുന്ന് വാങ്ങുന്നതിനായി സാമ്പത്തിക സഹായം നൽകിയ ആളാണ് രാഗേഷ്.
മറ്റുള്ളവർ പിടിയിലായ വിവരം അറിഞ്ഞതോടെയാണ് രാഗേഷ് കുളുവിലേക്ക് ഒളിവിൽ പോയത്. കുളുവിൽ ബേസ് ക്യാംപിൽ നിന്ന് ഇരുപതു കിലോമീറ്റർ മുകളിലുള്ള ഒരു റിസോർട്ടിൽ ടൂറിസ്റ്റ് ഗൈഡായി ജോലി ചെയ്താണ് ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്നത്.
പ്രതിയെ നേരിട്ടെത്തി പിടികൂടുക പൊലീസിന് ദുസ്സഹമായിരുന്നു. തുടർന്നാണ് അന്വേഷണ സംഘം വിനോദ സഞ്ചാരികളുടെ വേഷം ധരിച്ച് ദിവസങ്ങളോളം അവിടെ താമസിച്ചുകൊണ്ട് രാഗേഷിനെ കസ്റ്റഡിയിലെടുത്തത്.
ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന്റെ നേതൃത്വത്തിൽ ഡിവൈഎസ്പി ബൈജു പൗലോസ്, സർക്കിൾ ഇൻസ്പെക്ടർ ബി.കെ.
അരുൺ, എസ്ഐമാരായ അരുൺ രാജ്, റോണി അഗസ്റ്റിൻ, എഎസ്ഐ എം.വി. ബിനു, സിപിഒ സജാസ് എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ച് പ്രതിയെ പിടികൂടിയത്.
തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

