സംസ്ഥാനത്തെ ബാറുകളിൽ മദ്യം വാങ്ങാനെത്തുന്ന എല്ലാവരുടെയും ആധാർ കാർഡ് പരിശോധിക്കേണ്ടതില്ലെന്ന് എക്സൈസ് മന്ത്രി എം ലിജു വ്യക്തമാക്കി. 23 വയസ്സ് തികഞ്ഞിട്ടില്ലെന്ന് സംശയം തോന്നുന്നവരുടെ മാത്രം ആധാർ കാർഡ് പരിശോധിച്ചാൽ മതിയെന്നാണ് നിർദ്ദേശമെന്നും, പ്രായത്തിൽ സംശയമുള്ളവരെ പരിശോധിച്ച ശേഷം മാത്രമേ മദ്യം നൽകാവൂ എന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.
മാധ്യമങ്ങൾ തന്റെ പ്രതികരണം തെറ്റായി വ്യാഖ്യാനിച്ചെന്നും മന്ത്രി കൂട്ടിച്ചേർത്തു. കേരളത്തിൽ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായപരിധി 23 വയസ്സാണെന്നും ഇത് കർശനമായി പാലിക്കപ്പെടേണ്ടതാണെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
ഈ നിയമം നടപ്പിലാക്കുന്നതിലുണ്ടായ വീഴ്ചയാണ് നെടുമ്പാശ്ശേരി മിനികൂപ്പര് വാഹനാപകടത്തിലടക്കം ദൃശ്യമായതെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ പാടില്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഉപഭോക്താക്കളുടെ പ്രായം ഉറപ്പുവരുത്തേണ്ടത് ബാർ ലൈസൻസുകാരുടെ പൂർണ്ണ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സർക്കാരിന്റെ പുതിയ എക്സൈസ് നയം നവംബറിൽ നിലവിൽ വരുമെന്നും ഇക്കാര്യം ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. എൽ ഡി എഫ് സർക്കാരിന്റെ മദ്യനയം ആയിരിക്കില്ല യു ഡി എഫിന്റേതൊന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
അതിനിടെ, സർക്കാർ അറിയാതെ ബാർ ലൈസൻസുകൾ അനുവദിച്ച സംഭവത്തിൽ എക്സൈസ് വകുപ്പിൽ കടുത്ത അതൃപ്തി നിലനിൽക്കുന്നുണ്ട്. പുതിയ മദ്യനയം പ്രഖ്യാപിച്ചതിനു ശേഷം മാത്രം ബാർ ലൈസൻസുകൾ നൽകിയാൽ മതിയെന്നായിരുന്നു മന്ത്രിയുടെ കർശന നിർദേശം.
എന്നാൽ ഇത് മറികടന്ന് ഡെപ്യൂട്ടി കമ്മീഷണർമാർ മൂന്ന് ബാറുകൾക്ക് അനുമതി നൽകിയതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നുമായി ആകെ മൂന്ന് ബാറുകൾക്കാണ് ഇത്തരത്തിൽ അനുമതി നൽകിയത്.
ഈ സംഭവത്തിൽ എക്സൈസ് കമ്മീഷണറോട് മന്ത്രി അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ചട്ടങ്ങൾ ലംഘിച്ച് അനുമതി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എഫ് എൽ 11 ലൈസൻസ് ഉണ്ടായിരുന്ന ബിയർ വൈൻ പാർലർ ലൈസൻസ് പുതുക്കുന്നതിന്റെ മറവിലാണ് ബാർ ലൈസൻസുകൾ നൽകിയത്. മദ്യനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തിൽ പുതിയ ബാർ അനുവദിക്കണമെന്ന് യു ഡി എഫ് തീരുമാനിച്ചിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

