ഡിജിറ്റൽ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനുമായി ആഭ്യന്തര വകുപ്പിന്റെ ആഭിമുഖ്യത്തിൽ കേരള പൊലീസ് നടപ്പിലാക്കുന്ന പുതിയ കാമ്പെയ്നായ ക്ലിക്ക് – CLICK (Community Led Initiative for Cyber Resilient Keralam) ഇന്ന് ആരംഭിക്കും. 2027-ഓടെ സംസ്ഥാനത്തെ സമ്പൂർണ സൈബർ റെസിലിയന്റ് കേരളമാക്കി മാറ്റുക എന്നതാണ് ഈ ബൃഹദ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ഇന്ന് രാവിലെ 10.30-ന് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഔദ്യോഗിക ചടങ്ങിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കും. മലയാളത്തിന്റെ പ്രമുഖ നടൻ മമ്മൂട്ടിയും ഈ ജനകീയ കാമ്പെയ്ന്റെ ഭാഗമാകുമെന്ന് ആഭ്യന്തര വകുപ്പ് ഔദ്യോഗികമായി വ്യക്തമാക്കിയിട്ടുണ്ട്.
ചടങ്ങിൽ ടി ജെ വിനോദ് എം എൽ എ അധ്യക്ഷത വഹിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോൺ, സോഹോ കോർപറേഷൻ സ്ഥാപകൻ ശ്രീധർ വെമ്പു, സംസ്ഥാന പൊലീസ് മേധാവി റവാഡ ആസാദ് ചന്ദ്രശേഖർ, ക്രമസമാധാന ചുമതലയുള്ള എ ഡി ജി പി പി വിജയൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരിക്കും.
ചടങ്ങിന്റെ ഭാഗമായി സൈബർ സേഫ് വില്ലേജ്, സൈബർ റെസിലിയന്റ് സെന്ററുകൾ, സൈബർ ക്യാപ്ടൻമാർ, സൈബർ ഫസ്റ്റ് റെസ്പോണ്ടേഴ്സ് എന്നിവയുടെ ഔദ്യോഗിക പ്രഖ്യാപനവും നടക്കും. ‘അറിവിലൂടെ ജാഗ്രത, ജാഗ്രതയിലൂടെ പ്രതിരോധം’ എന്ന സന്ദേശമാണ് പദ്ധതി മുന്നോട്ടുവെക്കുന്നത്.
ഡിജിറ്റൽ കുറ്റകൃത്യങ്ങൾക്കെതിരെ പൊതുജനങ്ങളെ അണിനിരത്തി സൈബർ സുരക്ഷ സമൂഹത്തിന്റെ കൂട്ടുത്തരവാദിത്തമാക്കി മാറ്റുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യവസായ മേഖല, സാമൂഹിക സംഘടനകൾ, യുവജനങ്ങൾ എന്നിവരെല്ലാം ഒത്തുകൂടുന്ന ഒരു ജനകീയ പ്രസ്ഥാനമായി ഈ പദ്ധതി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സൈബർ ആക്രമണങ്ങൾ ഉണ്ടായാൽ ഭയപ്പെടാതെയും അപമാനബോധം മൂലം ഉൾവലിയാതെയും നിയമപരമായ പ്രതിരോധം തീർക്കാൻ ജനങ്ങളെ പ്രാപ്തമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

