സംസ്ഥാന സ്കൂൾ കായികമേള അന്തിമ ഘട്ടത്തിലേക്ക് കടക്കുമ്പോൾ തിരുവനന്തപുരം ജില്ല ഓവറോൾ പോയിന്റ് പട്ടികയിൽ വ്യക്തമായ ആധിപത്യം തുടരുന്നു. മേളയുടെ അഞ്ചാം ദിനത്തിലെ മത്സരങ്ങൾ പൂർത്തിയായപ്പോൾ 2004.3 പോയിന്റോടെയാണ് തിരുവനന്തപുരം ഒന്നാം സ്ഥാനത്ത് തുടരുന്നത്.
951.3 പോയിന്റുമായി തൃശൂർ രണ്ടാം സ്ഥാനത്തും, 887.3 പോയിന്റ് നേടി മലപ്പുറം മൂന്നാം സ്ഥാനത്തുമായി കനത്ത മത്സരമാണ് കാഴ്ചവെയ്ക്കുന്നത്. കണ്ണൂർ, കോഴിക്കോട് എന്നീ ജില്ലകളും മികച്ച പ്രകടനവുമായി നാല്, അഞ്ച് സ്ഥാനങ്ങളിൽ ശക്തമായ പോരാട്ടം തുടരുന്നുണ്ട്.
അത്ലറ്റിക് വിഭാഗത്തിൽ 168.333 പോയിന്റോടെ മലപ്പുറം ജില്ലയാണ് നിലവിൽ മുന്നിൽ നിൽക്കുന്നത്. 128.5 പോയിന്റുമായി പാലക്കാട് രണ്ടാമതും, 88 പോയിന്റുമായി തിരുവനന്തപുരം മൂന്നാമതും, 76 പോയിന്റുമായി ആലപ്പുഴ തൊട്ടുപിന്നിലുമുണ്ട്.
ആതിഥേയരായ കോഴിക്കോട് ജില്ല 62 പോയിന്റുമായി മികച്ച മുന്നേറ്റമാണ് നടത്തിയത്. സ്കൂൾ തലത്തിലുള്ള അത്ലറ്റിക്സ് പോരാട്ടത്തിൽ 71.333 പോയിന്റോടെ മലപ്പുറം കടകശേരി ഐഡിയല് ഇ.എച്ച്.എസ്.എസ് ഒന്നാം സ്ഥാനത്തുള്ളപ്പോൾ, വി.എം.എച്ച്.എസ്.എസ് വടവന്നൂരും കെ.എച്ച്.എം.എച്ച്.എസ് അലത്തിയൂരും യഥാക്രമം 34, 30 പോയിന്റുകളോടെ ശക്തമായ വെല്ലുവിളി ഉയർത്തുന്നുണ്ട്.
അഞ്ച് ദിനം, അഞ്ച് റെക്കോർഡുകൾ ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയുടെ ആദ്യ അഞ്ച് ദിനങ്ങളിൽ അഞ്ച് മീറ്റ് റെക്കോർഡുകളാണ് നിലംപറ്റിയത്. ഇന്നത്തെ മത്സരങ്ങൾ അവസാനിക്കുന്നതിന് തൊട്ടുമുൻപാണ് അഞ്ചാമത്തെ റെക്കോർഡ് പിറന്നത്.
400 മീറ്റർ ജൂനിയർ വിഭാഗം ഹഡിൽസിൽ ജി.വി രാജ സ്പോർട്സ് സ്കൂളിലെ ശ്രീഹരി കാരിക്കൻ 2025ൽ നേടിയ സ്വന്തം റെക്കോർഡ് 52.44 സെക്കൻഡിൽ മറികടന്ന് പുതിയ മീറ്റ് റെക്കോർഡ് സ്ഥാപിച്ചു. മറ്റു പ്രധാന റെക്കോർഡ് പ്രകടനങ്ങൾ താഴെ പറയുന്നവയാണ്: – സീനിയർ ഗേൾസ് 100 മീറ്റർ ഹർഡിൽസിൽ ആലപ്പുഴ ജില്ലയിലെ അനാമിക അജേഷ് 13.69 സെക്കൻഡിൽ ഫിനിഷ് ചെയ്ത് പുതിയ റെക്കോർഡ് കുറിച്ചു. 2018-ൽ അപർണ റോയ് സ്ഥാപിച്ച 13.85 സെക്കൻഡിന്റെ മീറ്റ് റെക്കോർഡാണ് ഇവർ മറികടന്നത്. – ജൂനിയർ ബോയ്സ് ലോങ്ജംമ്പിൽ കോട്ടയം ജില്ലയിലെ വിഷ്ണു യാദവ് 7.31 മീറ്റർ ചാടി ഒന്നാം സ്ഥാനം നേടി.
2017-ൽ കെ എം ശ്രീകാന്ത് കുറിച്ച 7.05 മീറ്റർ മീറ്റ് റെക്കോർഡാണ് ഇതോടെ പഴങ്കഥയായത്. – സീനിയർ ബോയ്സ് 100 മീറ്ററിൽ ആലപ്പുഴ ജില്ലയിലെ അതുൽ ടി എം 10.63 സെക്കൻഡിൽ ഓടിയെത്തി പുതിയ റെക്കോർഡിട്ടു. 2011-ൽ ജിജിൻ വിജയൻ സ്ഥാപിച്ച 10.70 സെക്കൻഡിന്റെ പ്രകടനമാണ് വഴിമാറിയത്. – ജൂനിയർ 400 മീറ്റർ ഓട്ടത്തിൽ തിരുവനന്തപുരം ജില്ലയിലെ ശ്രീഹരി കരിക്കൻ 47.84 സെക്കൻഡിൽ ഫിനിഷ് ചെയ്ത് റെക്കോർഡ് സ്ഥാപിച്ചു.
2017-ൽ അഭിഷേക് മാത്യു കുറിച്ച 48.88 സെക്കൻഡിന്റെ റെക്കോർഡാണ് ഇവിടെ തിരുത്തപ്പെട്ടത്. മുഖ്യമന്ത്രിയുടെ 117.5 പവൻ തൂക്കമുള്ള സ്വർണക്കപ്പ് സ്വന്തമാക്കുകയെന്ന ലക്ഷ്യവുമായി 14 ജില്ലകളിൽനിന്നും ഗൾഫ് നാടുകളിൽനിന്നുമെത്തിയ ആയിരക്കണക്കിന് പ്രതിഭകളാണ് കായികമേളയുടെ മാറ്റ് കൂട്ടുന്നത്. വ്യക്തിഗത മികവിനൊപ്പം ജില്ലകൾ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം മേളയെ കൂടുതൽ ആവേശകരമാക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

