കോട്ടയം ജില്ലയിലെ കിടങ്ങൂരിൽ വീട്ടുപടിക്കൽ ഉണ്ടായ ദാരുണമായ അപകടത്തിൽ റിട്ടയർ ചെയ്ത അധ്യാപികയ്ക്ക് ദാരുണാന്ത്യം. കിടങ്ങൂർ പട്ടേരിൽ ശോഭനകുമാരി (66) ആണ് മരണപ്പെട്ടത്.
കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം സ്കൂളിലെ റിട്ടയർ ചെയ്ത പ്രഥമാധ്യാപികയാണ് ഇവർ. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം വീടിന്റെ മുറ്റത്തുവച്ചായിരുന്നു അപകടം സംഭവിച്ചത്.
കാറിൽ നിന്നും പുറത്തിറങ്ങിയ ശോഭനകുമാരിക്ക് സമീപത്തായി നിൽക്കുന്നതിനിടയിൽ, ഭർത്താവ് മുരളീധരൻ പിള്ള വാഹനം പാർക്ക് ചെയ്യാനായി പിന്നിലേക്ക് എടുക്കുകയായിരുന്നു. ഈ സമയം നിയന്ത്രണം നഷ്ടപ്പെട്ട
കാർ കാർപോർച്ചിന്റെ തൂണിലും മുറ്റത്ത് കിടന്നിരുന്ന ജിപ്പിലും ഇടിച്ചശേഷം ശോഭനകുമാരിയുടെമേൽ പാഞ്ഞുകയറുകയായിരുന്നു. ഇന്ന് ഉച്ചകഴിഞ്ഞ് 1.45-ന് ആയിരുന്നു സംഭവം.
കാറിനടിയിൽ പെട്ടുപോയ ശോഭനാകുമാരിയെ ഉടൻതന്നെ സമീപവാസികൾ ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശുഭലക്ഷ്മി, സുജലക്ഷ്മി എന്നിവരാണ് മക്കൾ.
മരുമക്കൾ: അജിത്, പ്രവീൺ. സംസ്കാര ചടങ്ങുകൾ പിന്നീട് നടക്കും.

