എറണാകുളം: എറണാകുളം മഹാരാജാസ് കോളേജിൽ നടന്ന ബിരുദദാന ചടങ്ങിനിടെയുണ്ടായ പ്രതിഷേധ സംഭവങ്ങളിൽ പ്രതിഷേധിച്ച് എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗം ആൻ സെബാസ്റ്റ്യൻ രംഗത്ത്. വിദ്യാർത്ഥികൾക്കെതിരെയും ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെയും സമഗ്രമായ അന്വേഷണം നടത്തി മാതൃകാപരമായ അച്ചടക്ക നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അവർ മഹാരാജാസ് പ്രിൻസിപ്പാളിന് ഔദ്യോഗികമായി കത്തയച്ചു.
കോളേജിൽ അരങ്ങേറിയ പ്രതിഷേധങ്ങളും അനുബന്ധ അനിഷ്ട സംഭവങ്ങളും തികച്ചും അപലപനീയമാണെന്നാണ് കത്തിലുള്ളത്.
ദീർഘകാലത്തെ കഠിനാധ്വാനത്തിനൊടുവിൽ തങ്ങളുടെ ബിരുദം അഭിമാനത്തോടെ സ്വീകരിക്കാൻ എത്തിയ വിദ്യാർത്ഥികളുടെയും മാതാപിതാക്കളുടെയും സന്തോഷവും ഗൗരവവും നിറഞ്ഞ വേളയാണ് രാഷ്ട്രീയ പ്രതിഷേധങ്ങളുടെ പേരിൽ തടസ്സപ്പെടുത്തിയത്. ചടങ്ങിൽ സംബന്ധിച്ച വിശിഷ്ടാതിഥികളോട് അപമര്യാദയായി പെരുമാറിയതും പരിപാടിയുടെ അന്തസ്സ് കെടുത്തുന്ന രീതിയിൽ പെരുമാറിയതും ഒരു പ്രമുഖ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന് ചേർന്നതല്ലെന്ന് ആൻ സെബാസ്റ്റ്യൻ വ്യക്തമാക്കി.
ജനാധിപത്യപരമായ രീതിയിൽ വിയോജിപ്പുകൾ പ്രകടിപ്പിക്കാൻ എല്ലാവർക്കും അവകാശമുണ്ടെങ്കിലും, ഇത്തരം അക്കാദമിക പ്രാധാന്യമുള്ള ചടങ്ങുകളെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അച്ചടക്കരാഹിത്യങ്ങൾ ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കാനാവില്ലെന്നും അവർ കൂട്ടിച്ചേർത്തു. ബിരുദദാന ചടങ്ങിനിടെ ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിനെതിരെയാണ് എസ്എഫ്ഐ പ്രവർത്തകരുടെ ഭാഗത്തുനിന്ന് പ്രതിഷേധം ഉണ്ടായത്.
കാലടി സർവകലാശാലയിൽ സസ്പെൻഷനിലായ വിദ്യാർത്ഥികളെ തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഈ പ്രതിഷേധം. മന്ത്രി റോജി എം ജോൺ പ്രസംഗം ആരംഭിച്ച ഉടൻ തന്നെ എസ്എഫ്ഐ പ്രവർത്തകർ സദസ്സിൽ ബാനറുകൾ ഉയർത്തിക്കാട്ടുകയായിരുന്നു.
ജനാധിപത്യപരമായ പ്രതിഷേധങ്ങളെ താൻ മാനിക്കുന്നുവെന്ന് വ്യക്തമാക്കിക്കൊണ്ട് മന്ത്രി തന്റെ പ്രസംഗം തുടർന്നു. എന്നാൽ പ്രസംഗം അവസാനിച്ചയുടൻ ചോദ്യങ്ങളുമായി എസ്എഫ്ഐ പ്രവർത്തകർ വേദിയിലേക്ക് എത്തുകയായിരുന്നു.
പരിപാടി പൂർത്തിയായതിന് ശേഷം മറുപടി നൽകാമെന്ന് മന്ത്രി അറിയിച്ചെങ്കിലും, ഈ നിമിഷം തന്നെ മറുപടി നൽകണമെന്ന നിലപാടിൽ വിദ്യാർത്ഥികൾ ഉറച്ചുനിൽക്കുകയായിരുന്നു. പ്രതിഷേധം ശക്തമായതോടെ, താൻ മുട്ടുമടക്കില്ലെന്നും ഇത് കാലടിയിലെ അക്രമ സമരമാണെന്നും വ്യക്തമാക്കിക്കൊണ്ട് മന്ത്രി വേദിയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.
ഈ സംഭവുമായി ബന്ധപ്പെട്ട് പോലീസ് ഇതിനോടകം തന്നെ വിദ്യാർത്ഥികൾക്കെതിരെ കേസെടുത്തിട്ടുണ്ട്. പൊതുപരിപാടികൾ ബോധപൂർവ്വം തടസ്സപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട
നിയമവ്യവസ്ഥകൾ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

