രാജ്യത്തെ പ്രധാന മെട്രോ നഗരങ്ങളിൽ കുതിച്ചുയരുന്ന ഭവന വിപണി സാധാരണക്കാരെ മാത്രമല്ല, ഉയർന്ന വരുമാനമുള്ള ഐടി പ്രൊഫഷണലുകളെയും ആശങ്കയിലാക്കുന്നു. പ്രതിമാസം 1.8 ലക്ഷം രൂപ ശമ്പളമുണ്ടായിട്ടും മെട്രോ നഗരങ്ങളിൽ സ്വന്തമായി ഒരു ഫ്ലാറ്റ് കണ്ടെത്താൻ സാധിക്കാത്ത 25 വയസ്സുകാരനായ സൈബർ സെക്യൂരിറ്റി പ്രൊഫഷണലിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ സാമ്പത്തിക വിദഗ്ധർക്കും യുവാക്കൾക്കുമിടയിൽ വലിയ ചർച്ചയാകുന്നത്.
മധ്യവർഗ പശ്ചാത്തലത്തിൽ നിന്ന് വരുന്ന ഈ യുവാവ് വലിയ ആഡംബരങ്ങളൊന്നുമില്ലാതെയാണ് നഗരത്തിൽ ജീവിക്കുന്നത്. യാത്രാച്ചെലവ് ചുരുക്കാനായി കാറിന് പകരം ഇരുചക്രവാഹനമാണ് ഉപയോഗിക്കുന്നത്.
നൈറ്റ് ലൈഫോ മറ്റ് അനാവശ്യ ചെലവുകളോ ഇല്ലാത്ത ലളിതമായ ജീവിതരീതിയാണ് പിന്തുടരുന്നത്. “പേയിംഗ് ഗസ്റ്റ് താമസത്തിന് ശേഷം പ്രതിമാസം ഏകദേശം 31,000 രൂപ മാത്രമാണ് എന്റെ ജീവിതച്ചെലവ്.
ബാക്കി തുകയിൽ 75,000 രൂപ പ്രതിമാസം SIP വഴി മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നു. ശേഷിക്കുന്ന തുക ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയാണ് പതിവ്,” എന്ന് യുവാവ് സമൂഹമാധ്യമത്തിൽ കുറിച്ചു.
സ്വന്തമായൊരു ഫ്ലാറ്റ് എന്ന സ്വപ്നവുമായി 1.3 കോടി രൂപ ബഡ്ജറ്റ് കണക്കാക്കിയാണ് ഇദ്ദേഹം റിയൽ എസ്റ്റേറ്റ് ഇടനിലക്കാർ വഴി അന്വേഷണം നടത്തിയത്. ബെംഗളൂരുവിലെ ഇന്ദിരാനഗർ, വൈറ്റ്ഫീൽഡ് തുടങ്ങിയ പ്രധാന വാണിജ്യ-താമസ മേഖലകളിലായിരുന്നു തിരച്ചിൽ.
എന്നാൽ നിശ്ചയിച്ച തുകയ്ക്ക് പരിമിതമായ സൗകര്യങ്ങൾ മാത്രമുള്ള ഒറ്റപ്പെട്ട കെട്ടിടങ്ങളിലെ ചെറിയ 2BHK അപ്പാർട്ട്മെന്റുകൾ മാത്രമാണ് വിപണിയിലുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
പൂനെ ഉൾപ്പെടെയുള്ള മറ്റ് പ്രമുഖ നഗരങ്ങളിലും സ്ഥിതി സമാനമാണ്. സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള മികച്ച സൗകര്യങ്ങളുള്ള 800 മുതൽ 900 വരെ ഫ്ലാറ്റുകളുള്ള വലിയ ഗേറ്റഡ് കമ്മ്യൂണിറ്റികളിൽ ഒരു വീട് ലഭിക്കണമെങ്കിൽ കുറഞ്ഞത് 2 കോടി രൂപയ്ക്ക് മുകളിൽ ചെലവഴിക്കേണ്ട
അവസ്ഥയാണുള്ളത്. “30 വയസ്സ് വരെ എനിക്ക് വിവാഹത്തെക്കുറിച്ച് ചിന്തകളില്ല.
അതിനാൽ അടുത്ത അഞ്ച് വർഷം കൂടി ഇതുപോലെ ലളിതമായി ജീവിച്ച്, നിക്ഷേപങ്ങൾ വളർത്തി, പിന്നീട് വലിയൊരു ലോണെടുത്ത് ഈ വീട് സ്വന്തമാക്കാൻ ശ്രമിക്കണോ? അതോ വീണ്ടും പുതിയൊരു SIP തുടങ്ങണോ?” എന്നാണ് യുവാവിന്റെ ചോദ്യം. ഇന്ത്യൻ റിയൽ എസ്റ്റേറ്റ് മേഖലയിലെ വൻ വിലക്കയറ്റത്തെക്കുറിച്ചും പുതിയ തലമുറ നേരിടുന്ന സാമ്പത്തിക സമ്മർദ്ദങ്ങളെക്കുറിച്ചും ഈ കുറിപ്പിന് താഴെ വിപുലമായ ചർച്ചകളാണ് നടക്കുന്നത്.
“25 വയസ്സുള്ള മറ്റൊരു പ്രൊഫഷണലാണ് ഞാൻ. മിക്ക ആളുകളും 35 – 40 വയസ്സിന് ശേഷം മാത്രം വീട് വാങ്ങുന്നതിന് കൃത്യമായ കാരണമുണ്ട്.
അപ്പോഴേക്കും അത്യാവശ്യം സമ്പാദ്യം കൈവശമുണ്ടാകും.” എന്ന് മറ്റൊരാൾ പ്രതികരിച്ചു. “ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ വലിയ തൊഴിൽ നഷ്ടങ്ങൾ പോലെയുള്ള ഗുരുതര സാഹചര്യങ്ങൾ ഉണ്ടാകാത്തിടത്തോളം ഇന്ത്യയിലെ ഹൗസിംഗ് മാർക്കറ്റ് തകരാൻ സാധ്യതയില്ല.” എന്നും കമന്റുകളിൽ വിലയിരുത്തലുണ്ട്.
മികച്ച സാമ്പത്തിക അടിത്തറയും ഉയർന്ന ശമ്പളവുമുള്ള പ്രൊഫഷണലുകൾക്ക് പോലും മെട്രോകളിൽ ഭവനനിർമ്മാണം അപ്രാപ്യമാകുന്നു എന്ന യാഥാർത്ഥ്യമാണ് ഈ സംഭവം വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

