തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനിൽ വേണാട് എക്സ്പ്രസിൽ കയറിപ്പറ്റാൻ യാത്രക്കാരുടെ മരണപ്പാച്ചിൽ. ഉച്ചയ്ക്ക് 2.26 നുള്ള പരശുറാം എക്സ്പ്രസിനു ശേഷം 5.35ന് എത്തുന്ന വേണാട് എക്സ്പ്രസ് മാത്രമാണ് കോട്ടയം, കൊല്ലം ഭാഗത്തേക്കുള്ള ഏക ആശ്രയം.
മണിക്കൂറുകൾ നീളുന്ന കാത്തിരിപ്പിനൊടുവിൽ എത്തുന്ന ട്രെയിനിലേക്ക് സ്ത്രീകളും മുതിർന്നവരുമടക്കമുള്ള യാത്രക്കാർ തള്ളിക്കയറാൻ ശ്രമിക്കുന്നതു കടുത്ത ഭീതി പടർത്തുകയാണ്. വെള്ളിയാഴ്ചകളിലും ശനിയാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളുടെ തലേന്നും നിയന്ത്രണാതീതമായ തിരക്കാണ് ഇവിടെ അനുഭവപ്പെടുന്നത്.
കാലുകുത്താൻ ഇടമില്ലാതെ ചവിട്ടുപടിയിൽ തൂങ്ങിപ്പിടിച്ചു ആളുകൾ യാത്ര ചെയ്യുന്നതു സ്ഥിരം കാഴ്ചയാണ്. ഇതു വലിയൊരു ദുരന്തത്തിനു കാരണമാകുമെന്നു യാത്രക്കാരുടെ സംഘടനയായ ഫ്രൻഡ്സ് ഓൺ റെയിൽസ് ആരോപിക്കുന്നു.
വൈകിട്ടുള്ള തിരക്കു കുറയ്ക്കാൻ പുതിയ മെമു സർവീസ് വേണമെന്നാണു വർഷങ്ങളായുള്ള ആവശ്യം. ഗുരുവായൂർ- എറണാകുളം പാസഞ്ചർ കോട്ടയത്തേക്കു ദീർഘിപ്പിച്ചാൽ ഈ പ്രതിസന്ധിക്കു വലിയൊരളവിൽ ആശ്വാസമാകുമെന്ന് ഫ്രൻഡ്സ് ഓൺ റെയിൽസ് എക്സിക്യൂട്ടീവ് അംഗം അജാസ് വടക്കേടം ആരോപിച്ചു.
കൂടാതെ കോട്ടയത്തുനിന്നു 5.40നുള്ള കോട്ടയം – കൊല്ലം മെമുവിനു കണക്ഷൻ ലഭിക്കുമെന്നതിനാൽ കൊല്ലം വരെയുള്ള യാത്രക്കാർക്കും ഇത് ഏറെ പ്രയോജനപ്പെടും. ജനപ്രതിനിധികളും റെയിൽവേ അധികാരികളും അടിയന്തരമായി ഇടപെട്ട് ഇതിനു പരിഹാരം കാണണമെന്നാണു യാത്രക്കാരുടെ ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

