റഷ്യയിൽ നിന്നും എണ്ണയും പ്രകൃതിവാതകവും ഇറക്കുമതി ചെയ്യുന്ന അഞ്ച് രാജ്യങ്ങൾക്ക് മേൽ 100% വരെ താരിഫ് ചുമത്തുവാൻ ഭരണകൂടത്തിന് അധികാരം നൽകുന്ന നിർണായക ബിൽ യുഎസ് ജനപ്രതിനിധി സഭ പാസാക്കി. 262-159 വോട്ടുകൾക്കാണ് ബിൽ സഭയിൽ അംഗീകരിക്കപ്പെട്ടത്.
ഇന്ത്യ, ചൈന, സ്ലൊവാക്യ, ഹംഗറി, അസർബെജാൻ എന്നീ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ് ഈ നിയമനിർമ്മാണം കൊണ്ടുവന്നിട്ടുള്ളത്. ഇതിനുമുമ്പ് വൻ ഭൂരിപക്ഷത്തോടെ സെനറ്റ് പാസാക്കിയ ഈ ബിൽ, ഇനി ഔദ്യോഗിക നിയമമായി മാറുന്നതിനായി പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പരിഗണനയ്ക്കായി അയയ്ക്കും.
നവംബറിൽ നടക്കാനിരിക്കുന്ന നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ ബിൽ അവതരിപ്പിക്കപ്പെട്ടത്. താരിഫ് നിരക്കുകൾ ചുമത്തുന്നതുമായി ബന്ധപ്പെട്ട് ട്രംപിന് കൂടുതൽ അധികാരങ്ങൾ നൽകുന്ന വിഷയത്തിൽ റിപ്പബ്ലിക്കൻ, ഡെമോക്രാറ്റിക് പാർട്ടികൾക്കിടയിൽ ഭിന്നാഭിപ്രായങ്ങൾ നിലനിന്നിരുന്നു.
അതിനാൽ തന്നെ ബില്ലിന്റെ ഭാവി സംബന്ധിച്ച് അനിശ്ചിതത്വം നിലവിലുണ്ടായിരുന്നുവെങ്കിലും, തിങ്കളാഴ്ച ഹൗസ് റൂൾസ് കമ്മിറ്റി സാങ്കേതിക തടസ്സങ്ങൾ നീക്കിയതോടെ നടപടിക്രമങ്ങൾ വേഗത്തിലാവുകയായിരുന്നു. ഇതൊരു വലിയ ദിവസമാണെന്നും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിന് കോൺഗ്രസ് വ്യക്തമായ സന്ദേശമാണ് നൽകിയിരിക്കുന്നതെന്നും ബില്ലിനെ ശക്തമായി പിന്തുണച്ച യുഎസ് സെനറ്റർ ജീൻ ഷഹീൻ അഭിപ്രായപ്പെട്ടു.
അതേസമയം, തങ്ങളുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റുന്ന കാര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന തീരുമാനങ്ങൾ പൂർണ്ണമായും രാജ്യതാൽപര്യങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

