റിയാദ്: വിശുദ്ധ ഹജ്ജ് കർമങ്ങൾ വിജയകരമായി പൂർത്തിയാക്കിയ മലയാളി തീർഥാടകർ മടക്കയാത്രയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. ആറു ദിവസം നീണ്ട
ആത്മീയ കർമങ്ങൾക്ക് ശേഷം, ശനിയാഴ്ച മിനായിലെ മൂന്ന് ജംറകളിലും കല്ലേറ് കർമം പൂർത്തിയാക്കിയതോടെ ഭൂരിഭാഗം തീർഥാടകരും മക്കയിലെ താവളങ്ങളിലേക്ക് തിരിച്ചെത്തി. സൗദി അധികൃതരും ഹജ്ജ് മിഷനും ഏർപ്പെടുത്തിയ വിപുലമായ സൗകര്യങ്ങൾ ഇത്തവണത്തെ കർമങ്ങൾ ഏറെ സുഗമമാക്കാൻ സഹായിച്ചു.
‘വിതൗട്ട് മഹ്റം’ (പുരുഷ തുണയില്ലാതെ) വിഭാഗത്തിൽ എത്തിയവരും ആരോഗ്യപ്രശ്നങ്ങളുള്ളവരുമായ ഹാജിമാർക്ക് പ്രധാന ചടങ്ങുകളായ ത്വവാഫും സഈയും പൂർത്തിയാക്കാനുണ്ട്. വിടവാങ്ങൽ ത്വവാഫായ ‘ത്വവാഫുൽ വിദാഅ്’ നിർവഹിച്ച ശേഷം മാത്രമായിരിക്കും തീർഥാടകർ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടുക.
സ്വകാര്യ ഏജൻസികൾ വഴി എത്തിയ ഹാജിമാരുടെ മടക്കയാത്ര തിങ്കളാഴ്ച മുതൽ ജിദ്ദ കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളം വഴി ആരംഭിക്കും. ചൊവ്വാഴ്ച മുതൽ ഇന്ത്യൻ ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ളവരുടെ മടക്കയാത്രയും തുടങ്ങും.
ആദ്യഘട്ടത്തിൽ ജിദ്ദയിൽ നിന്ന് മുംബൈ, കൊൽക്കത്ത, ലക്നൗ, ശ്രീനഗർ എന്നിവിടങ്ങളിലേക്ക് മൂവായിരത്തോളം തീർഥാടകർ യാത്ര തിരിക്കും. ജിദ്ദ വഴി എത്തിയവരിൽ മദീന സന്ദർശനം ബാക്കിയുള്ളവർ ജൂൺ മൂന്ന് മുതൽ പ്രവാചക നഗരിയിലേക്ക് പുറപ്പെടും.
എട്ട് ദിവസത്തെ സന്ദർശനത്തിന് ശേഷം മദീന വിമാനത്താവളം വഴിയായിരിക്കും ഇവരുടെ മടക്കം. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ തീർഥാടകർക്ക് ഹജ്ജിന് ശേഷമാണ് മദീന സന്ദർശനം നിശ്ചയിച്ചിരിക്കുന്നത്.
ഇവർ ജൂൺ 13 മുതലായിരിക്കും കേരളത്തിലേക്ക് മടങ്ങുക. ഇതിനിടെ, ഇത്തവണത്തെ ഹജ്ജ് കർമങ്ങൾക്കിടയിൽ സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ നാല് മലയാളികൾ മരണപ്പെട്ടുവെന്ന വാർത്തയും പുറത്തുവരുന്നു.
രണ്ടുപേർ കർമങ്ങൾ ആരംഭിക്കുന്നതിന് മുൻപും, രണ്ടുപേർ കർമങ്ങൾക്കിടയിലുമാണ് വിടപറഞ്ഞത്. ഇവരുടെ ഭൗതികശരീരങ്ങൾ മക്കയിൽ തന്നെ ഖബറടക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

