ചാംപ്യൻസ് ലീഗ് ഫുട്ബോളിൽ പിഎസ്ജി സ്വന്തമാക്കിയ വിജയത്തെത്തുടർന്ന് പാരിസിൽ നടന്ന ആഘോഷങ്ങൾ അക്രമാസക്തമായി. ആരാധകരും പൊലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഫ്രഞ്ച് തലസ്ഥാനം അക്ഷരാർത്ഥത്തിൽ യുദ്ധക്കളമായി മാറി.
സംഘർഷത്തിൽ 219 പേർക്ക് പരിക്കേറ്റതായും, ഇതിൽ 8 പേരുടെ നില അതീവ ഗുരുതരമാണെന്നും ഫ്രഞ്ച് ആഭ്യന്തര മന്ത്രി ലോറൻ ന്യൂനെസ് അറിയിച്ചു. കലാപത്തെത്തുടർന്ന് പാരിസിലെ പൊതുഗതാഗത സംവിധാനങ്ങൾ താറുമാറായി.
ബസ്, ട്രെയിൻ സർവീസുകളെ സംഘർഷം സാരമായി ബാധിച്ചു. ക്രമസമാധാനം പുനഃസ്ഥാപിക്കാൻ ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്നത്.
നിലവിൽ 780 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും, കൂടാതെ 450-ലേറെപ്പേർ കസ്റ്റഡിയിലാണെന്നും ലോറൻ ന്യൂനെസ് വ്യക്തമാക്കി. ശനിയാഴ്ച ആഴ്സനലിനെ തോൽപിച്ച് പിഎസ്ജി ചാംപ്യൻസ് ലീഗ് ട്രോഫി സ്വന്തമാക്കിയതിനു പിന്നാലെയാണ് നഗരത്തിൽ ആഘോഷങ്ങൾ തുടങ്ങിയത്.
എന്നാൽ, ഇലക്ട്രിക് ബൈക്കുകളിലെത്തിയ ഒരു സംഘം യുവാക്കൾ പടക്കം പൊട്ടിക്കുകയും കടകളുടെ ചില്ലുകൾ തകർക്കുകയും ചെയ്തതോടെ സ്ഥിതിഗതികൾ വഷളാവുകയായിരുന്നു. ഇവർ യഥാർത്ഥ ഫുട്ബോൾ ആരാധകരല്ലെന്നും ആഘോഷങ്ങളെ അട്ടിമറിക്കാൻ എത്തിയവരാണെന്നും ആഭ്യന്തര മന്ത്രി കുറ്റപ്പെടുത്തി.
പ്രശ്നമുണ്ടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും, പൊതുജന സുരക്ഷ ഉറപ്പാക്കാൻ പൊലീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

