കൊച്ചിയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സൗഹൃദ കൂട്ടായ്മ സംഘടിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നതായി റിപ്പോർട്ട്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചാരണം ശക്തമായിട്ടുണ്ട്.
ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈൻ ഡ്രൈവിൽ ഒത്തുചേരുമെന്നാണ് ടെലഗ്രാം അക്കൗണ്ടുകൾ വഴി പ്രചരിക്കുന്ന സന്ദേശത്തിലുള്ളത്. ഇതുവരെ സൈബർ ഇടങ്ങളിൽ മാത്രമായി പ്രവർത്തിച്ചുപോന്ന സംഘടനയുടെ നേതൃത്വത്തിൽ ഇത്തരമൊരു പൊതുയോഗം സംഘടിപ്പിച്ചാൽ അത് രാജ്യത്ത് തന്നെ ആദ്യ സംഭവമായിരിക്കും.
‘സിജെപി കോക്രോച്ച് ജനത പാർട്ടി സൌത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്’ എന്ന തലക്കെട്ടിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ പോസ്റ്ററുകൾ പ്രചരിക്കുന്നുണ്ട്. ഈ പോസ്റ്ററിൽ നൽകിയിരിക്കുന്ന ക്യൂആർ കോഡ് സ്കാൻ ചെയ്താൽ എത്തുന്നത് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ്.
പരിചയപ്പെടൽ, സംഘടനയെ നിയമപരമായി രജിസ്റ്റർ ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ചർച്ച ചെയ്യൽ, നാടിന്റെ നന്മയ്ക്കായി പ്രവർത്തിക്കൽ തുടങ്ങി അഞ്ച് പ്രധാന അജണ്ടകളാണ് ഈ യോഗത്തിനായി മുന്നോട്ടുവെച്ചിരിക്കുന്നത്. സമാധാനപരമായ കൂടിക്കാഴ്ചയാണ് ലക്ഷ്യമിടുന്നതെന്ന് സംഘാടകർ അവകാശപ്പെടുന്നുണ്ടെങ്കിലും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ സംബന്ധിച്ച് വ്യക്തമായ വിവരങ്ങളൊന്നും ലഭ്യമല്ല.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. നിശ്ചയിച്ച പ്രകാരം ഇത്തരമൊരു യോഗം ഇന്ന് നടക്കുമോ എന്ന കാര്യത്തിൽ നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

