തലസ്ഥാന നഗരിയിൽ ഇന്നലെ പെയ്ത അതിശക്തമായ മഴയെത്തുടർന്ന് ജനജീവിതം സ്തംഭിച്ചു. ഉച്ചയ്ക്ക് ആരംഭിച്ച മഴ വൈകുന്നേരം വരെ നീണ്ടുനിന്നു.
ഒരു മണിക്കൂർ നീണ്ടുനിന്ന ശക്തമായ മഴയിൽ നഗരത്തിലെ പ്രധാന മേഖലകളെല്ലാം വെള്ളത്തിനടിയിലായി. തമ്പാനൂർ, കിഴക്കേക്കോട്ട, കിള്ളിപ്പാലം, ജഗതി, പൂജപ്പുര, പാളയം, പ്രസ് ക്ലബ്, ഊറ്റുകുഴി, വഞ്ചിയൂർ, പനവിള പവർ ഹൗസ് റോഡ്, കരമന, പട്ടം, മെഡിക്കൽ കോളജ് എന്നിവിടങ്ങളിൽ രൂക്ഷമായ വെള്ളക്കെട്ടാണ് അനുഭവപ്പെട്ടത്.
വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതയായ ചാക്കയിൽ വെള്ളം കയറിയത് ഗതാഗതത്തെ കാര്യമായി ബാധിച്ചു. ചാല കമ്പോളത്തിൽ വെള്ളം കയറിയതോടെ കടകൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചു.
ഓടകളിൽ നിന്ന് മാലിന്യം റോഡുകളിലേക്ക് ഒഴുകിയെത്തിയത് ദുരിതം വർധിപ്പിച്ചു. കിഴക്കേക്കോട്ട
ബസ് സ്റ്റാൻഡിൽ മുട്ടിനോളം ഉയരത്തിൽ വെള്ളം നിറഞ്ഞതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടി. പഴവങ്ങാടി ക്ഷേത്രത്തിന് മുൻപിലെ റോഡും ഫുട്പാത്തും പൂർണമായി വെള്ളത്തിനടിയിലായി.
ആമയിഴഞ്ചാൻ തോടിന്റെ കൈവഴികൾ കരകവിഞ്ഞതാണ് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമാക്കിയത്. റെയിൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ
കരമന കുഞ്ചാലുംമൂട് ഭാഗത്ത് റെയിൽവേ ട്രാക്കിലേക്ക് മണ്ണിടിഞ്ഞു വീണതിനെത്തുടർന്ന് ട്രെയിൻ ഗതാഗതം ഒരു മണിക്കൂറോളം തടസ്സപ്പെട്ടു.
വൈകിട്ട് 2.30-ന് തിരുവനന്തപുരത്തു നിന്ന് കന്യാകുമാരി ഭാഗത്തേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനിന് മുന്നിലേക്കാണ് മണ്ണ് പതിച്ചത്. മരം വീണു അപകടം
നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വീണത് വലിയ ഭീഷണിയായി.
പ്രസ് ക്ലബ്ബിന് മുന്നിൽ രാവിലെ 9.30-ഓടെ കൂറ്റൻ മരം വീണുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ ബൈജു, കാർത്തിക എന്നിവർക്ക് പരുക്കേറ്റു. ഇവർക്ക് ഗുരുതരമായ പരുക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി.
വഞ്ചിയൂർ, ബേക്കറി-വിമൻസ് കോളജ് റോഡ്, ചാക്ക, കടകംപള്ളി, കരിക്കകം, പേട്ട, മുടവൻമുഗൾ, എസ്റ്റേറ്റ്, കരമന തുടങ്ങി ഇരുപതിലധികം സ്ഥലങ്ങളിൽ മരങ്ങൾ വീണതായി റിപ്പോർട്ടുണ്ട്. രാവിലെ 9.44-ന് ബേക്കറി ജംക്ഷൻ-വിമൻസ് കോളജ് റോഡിലും, ഉച്ചയ്ക്ക് 2.49-ന് വഞ്ചിയൂർ കോടതിക്ക് മുന്നിലും മരം വീണു.
വഞ്ചിയൂരിൽ സ്മാർട്ട് സിറ്റിയുടെ പോസ്റ്റുകൾ തകർന്നു. രാജാജിനഗറിൽ നിന്നുള്ള ഫയർഫോഴ്സ് സംഘം മണിക്കൂറുകൾ നീണ്ട
പരിശ്രമത്തിനൊടുവിലാണ് മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. മഴ ശക്തമായി തുടരുമ്പോഴും നഗരത്തിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ നീക്കം ചെയ്യാൻ നടപടികൾ മന്ദഗതിയിലാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്.
വെള്ളയമ്പലം-കവടിയാർ റോഡ്, മ്യൂസിയം പരിസരം, ശാസ്തമംഗലം തുടങ്ങി നിരവധിയിടങ്ങളിൽ അപകടസാധ്യതയുള്ള മരങ്ങൾ ഇപ്പോഴും ഭീഷണിയായി നിൽക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

