ഉപരാഷ്ട്രപതി ഡോ. സി.പി.രാധാകൃഷ്ണൻ നടത്തുന്ന ഔദ്യോഗിക കേരള സന്ദർശനം 31-ാം തീയതി നടക്കും.
ദീപിക ദിനപത്രത്തിന്റെ 140–ാം വാർഷികാഘോഷത്തിന്റെ ഉദ്ഘാടനം 31ന് ഉച്ചയ്ക്ക് 2.30ന് കോട്ടയം കെ.സി.മാമ്മൻ മാപ്പിള ഹാളിൽ വെച്ച് അദ്ദേഹം നിർവഹിക്കും. ചടങ്ങിൽ ഗവർണർ രാജേന്ദ്ര ആർലേക്കർ അധ്യക്ഷത വഹിക്കും.
മുഖ്യമന്ത്രി വി.ഡി.സതീശൻ മുഖ്യപ്രഭാഷണം നിർവഹിക്കും. യാത്രാ വിവരങ്ങൾ പ്രകാരം, ഉച്ചയ്ക്ക് 2.20നാണ് ഉപരാഷ്ട്രപതി കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങുക.
തുടർന്ന് 3.30ന് അദ്ദേഹം മടങ്ങും. ശേഷം കണ്ണൂർ ജില്ലയിലെത്തുന്ന അദ്ദേഹം മട്ടന്നൂരിൽ സംഘടിപ്പിക്കുന്ന സി.സദാനന്ദൻ എംപിയുടെയും ടി.വനിതാറാണിയുടെയും മകൾ യമുനാഭാരതിയുടെ വിവാഹ സൽക്കാരത്തിൽ ഗവർണർക്കൊപ്പം പങ്കാളിയാകും.
വൈകിട്ട് 5.30ന് കണ്ണൂർ വിമാനത്താവളത്തിലെത്തുന്ന അദ്ദേഹം 6.45ന് മടക്കയാത്ര നടത്തും. 30-ാം തീയതി പ്രത്യേക വിമാനത്തിൽ മംഗളൂരുവിൽ എത്തിയ ഉപരാഷ്ട്രപതി കർണാടകയിലെ ധർമസ്ഥല സന്ദർശനം പൂർത്തിയാക്കിയ ശേഷമാണ് കേരളത്തിലെത്തുന്നത്.
31ന് രാവിലെ മഞ്ജുനാഥ സ്വാമി ക്ഷേത്രദർശനത്തിന് ശേഷം ധർമസ്ഥല സിരി ഗ്രാമോദ്യോഗ സംരംഭത്തിന്റെ സിരി മാതൃശ്രീ വ്യവസായ പാർക്ക് അദ്ദേഹം ഉദ്ഘാടനം ചെയ്യും. ഗതാഗത നിയന്ത്രണങ്ങളും സുരക്ഷാ നടപടികളും
ഉപരാഷ്ട്രപതിയുടെ സന്ദർശന പ്രമാണിച്ച് കോട്ടയം നഗരത്തിൽ 31-ാം തീയതി ഉച്ചയ്ക്ക് ഒരു മണി മുതൽ പ്രത്യേക ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
കൂടാതെ, അന്ന് രാവിലെ 11 മണി മുതൽ സന്ദർശനം പൂർത്തിയാകുന്നത് വരെ നഗരത്തിലേക്ക് ചരക്കുവാഹനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. സുരക്ഷാ നടപടികളുടെ ഭാഗമായി 31-ാം തീയതി പുലർച്ചെ 12 മുതൽ 24 മണിക്കൂർ നേരത്തേക്ക് കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ട്, മാമ്മൻ മാപ്പിള ഹാൾ പരിസരം, ജില്ലയിലെ ഹെലിപ്പാഡുകൾ എന്നിവിടങ്ങളിൽ ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, മൈക്രോലൈറ്റ് എയർക്രാഫ്റ്റുകൾ, യുഎവികൾ എന്നിവ പറത്തുന്നതിന് ജില്ലാ കലക്ടർ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.
വ്യോമ സേന, എസ്പിജി, സംസ്ഥാന പൊലീസ് എന്നിവർക്ക് നിരോധനം ബാധകമല്ല. അടിയന്തര ആവശ്യങ്ങൾക്ക് ജില്ലാ കലക്ടറുടെ മുൻകൂർ അനുമതി നിർബന്ധമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

