നിപ ബാധിതരായ രോഗികൾക്ക് കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടില്ലെന്ന് മുൻ ആരോഗ്യമന്ത്രിയും എം.എൽ.എയുമായ കെ.കെ. ശൈലജ വ്യക്തമാക്കി.
ഈ വിഷയം സംബന്ധിച്ച് നിലവിലെ ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തത വരുത്തിയിട്ടുള്ളതാണെന്നും വിഷയത്തിൽ സമഗ്രമായ പരിശോധനകൾ നടക്കട്ടെയെന്നും അവർ പ്രതികരിച്ചു. ആന്റിവൈറൽ വിഭാഗത്തിൽപ്പെടുന്ന റെംഡെസിവിർ മരുന്ന് നൽകിയതുകൊണ്ടാണ് രോഗികൾ മരണപ്പെട്ടതെന്ന് പറയാൻ സാധിക്കില്ലെന്നും, ഇതിന്മേൽ ക്ലിനിക്കൽ ട്രയലുകൾ ഒന്നും തന്നെ നടത്തിയിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു.
നിയമസഭയിൽ വിഷയങ്ങൾ അവതരിപ്പിക്കുമ്പോൾ പൂർണ്ണമായ ആധികാരികത ഉണ്ടായിരിക്കണമെന്നും, യഥാർത്ഥത്തിൽ ചെയ്യേണ്ട കാര്യങ്ങൾ നടപ്പിലാക്കാതെ സർക്കാരിനെതിരെ കുറ്റങ്ങൾ കണ്ടെത്താനുള്ള വ്യഗ്രത മാത്രമാണ് മന്ത്രി കാണിക്കുന്നതെന്നും കെ.കെ.
ശൈലജ കുറ്റപ്പെടുത്തി. സംസ്ഥാനത്തെ ആരോഗ്യ മേഖലയെ തകർക്കാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്.
സർക്കാരിന്റെ നിലവിലെ നീക്കങ്ങൾ പൂർണ്ണമായും സ്വകാര്യ മേഖലയെ സംരക്ഷിക്കുന്ന തരത്തിലുള്ളതാണ്. സാധാരണക്കാരായ രോഗികളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്.
സർക്കാർ ആശുപത്രികൾ ഘട്ടംഘട്ടമായി സ്വകാര്യവത്കരിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായാണോ പുതിയ ടാസ്ക് ഫോഴ്സ് രൂപീകരിച്ചതെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും, എൽ.ഡി.എഫ് സർക്കാരിന്റെ ജനക്ഷേമ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കങ്ങളാണ് നടക്കുലന്നതെന്നും അവർ ആരോപിച്ചു.
എന്താണ് റെംഡെസിവിർ മരുന്നുകൾ? എന്താണ് വിവാദം? കോഴിക്കോട് മെഡിക്കൽ കോളജ് ഉൾപ്പെടെയുള്ള വിവിധ ആശുപത്രികളിൽ 2023, 2024, 2025 വർഷങ്ങളിൽ നിപ ബാധിച്ച രോഗികൾക്ക് വിതരണം ചെയ്ത റെംഡെസിവിർ മരുന്നുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങൾ ഉടലെടുത്തിരിക്കുന്നത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ വഴി ആശുപത്രികളിൽ എത്തിച്ച ഈ മരുന്നിന്റെ കാലാവധി 2023 മേയ് 30-ന് അവസാനിച്ചിരുന്നുവെന്നും, കാലാവധി കഴിഞ്ഞ ഈ മരുന്ന് രോഗികൾക്ക് നൽകിയിട്ടുണ്ടാകാമെന്നുമാണ് ആരോഗ്യ വകുപ്പ് സംശയം പ്രകടിപ്പിക്കുന്നത്.
രോഗികൾക്ക് നൽകിയത് നിർമ്മാണ തീയതി രേഖപ്പെടുത്താത്തതും ‘ക്ലിനിക്കൽ ട്രയൽ ഒൺലി’ എന്ന് മാത്രം ലേബൽ ചെയ്തതുമാണോ എന്ന കാര്യത്തിലും ആശങ്ക നിലനിൽക്കുന്നുണ്ട്. വിവാദമായത് എങ്ങനെ? ഒക്ടോബർ 29-ന് മൂവാറ്റുപുഴ എം.എൽ.എ മാത്യു കുഴൽനാടൻ ഉന്നയിച്ച സബ്മിഷന് മറുപടിയായി ആരോഗ്യ മന്ത്രി നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് ഈ രാഷ്ട്രീയ വിവാദത്തിന് തിരിതെളിഞ്ഞത്.
നിപ ബാധിച്ച് കഴിഞ്ഞ വർഷങ്ങളിൽ മരണപ്പെട്ട 6 രോഗികൾക്ക് ഇത്തരത്തിലുള്ള കാലാവധി കഴിഞ്ഞ മരുന്നുകൾ നൽകിയിട്ടുണ്ടോ എന്നും, ഇത് രോഗികളുടെ മരണത്തിലേക്ക് നയിച്ചിട്ടുണ്ടോ എന്നും സർക്കാർ അന്വേഷിച്ച് പരിശോധിക്കുമെന്ന് മന്ത്രി നിയമസഭയെ അറിയിക്കുകയുണ്ടായി.
ഈ പ്രസ്താവന മുൻ സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസ് വിഭാഗം മേധാവി ഡോ.
ആർ. അരവിന്ദ് നേതൃത്വം നൽകുന്ന പ്രത്യേക മെഡിക്കൽ ബോർഡിനാണ് ഈ വിഷയത്തിന്റെ അന്വേഷണ ചുമതല ഏൽപ്പിച്ചിരിക്കുന്നത്.
മരുന്ന് സ്വീകരിച്ച മുഴുവൻ രോഗികളുടെയും വിശദാംശങ്ങൾ ശേഖരിക്കാൻ ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എഡ്യൂക്കേഷനും ഡയറക്ടറേറ്റ് ഓഫ് ഹെർത്ത് സർവീസസിനും കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. മുൻ സർക്കാരിന്റെ കാലഘട്ടത്തിൽ വിദേശ മരുന്ന് കമ്പനികളുമായി നടന്ന ഇടപാടുകളും ഇതിൽ പങ്കാളികളായ ഇടനിലക്കാരെക്കുറിച്ചും അന്വേഷണം നടക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
അമേരിക്കൻ ബയോഫാർമസ്യൂട്ടിക്കൽ കമ്പനിയായ ജിലിയഡ് സയൻസസ് വികസിപ്പിച്ചെടുത്ത പ്രധാനപ്പെട്ട ഒരു ആന്റിവൈറൽ ഔഷധമാണ് റെംഡെസിവിർ.
വൈറസുകൾക്കെതിരെ പ്രതിരോധിക്കാൻ ഉപയോഗിക്കുന്ന ഈ മരുന്ന് കോവിഡ്-19 വ്യാപനത്തിന്റെ കാലഘട്ടത്തിലാണ് ലോകമെമ്പാടും വലിയ ശ്രദ്ധ നേടിയത്. വൈറസുകളുടെ പെരുക്കത്തിന് കാരണമാകുന്ന ആർ.എൻ.എ ഘടനയുടെ നിർമ്മാണ പ്രക്രിയയെ തടസ്സപ്പെടുത്തിയാണ് ഈ മരുന്ന് പ്രവർത്തിക്കുന്നത്.
ഇതുവഴി വൈറസിന് ശരീരത്തിൽ പടർന്നുപിടിക്കാൻ സാധിക്കാതെ വരികയും രോഗബാധയുടെ കാഠിണ്യം കുറയുകയും ചെയ്യുന്നു. കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രികളിൽ പ്രവേശിപ്പിക്കപ്പെട്ട
രോഗികൾക്ക് ചികിത്സയുടെ ഭാഗമായി ലോകാരോഗ്യ സംഘടനയും വിവിധ രാജ്യങ്ങളും ഈ മരുന്നിന് അടിയന്തര ഉപയോഗ അനുമതി നൽകിയിരുന്നു. കോവിഡിന് പുറമെ എബോള, മാർബർഗ് വൈറസ്, നിപ, സാർസ്, മെർസ് തുടങ്ങി സമാന സ്വഭാവമുള്ള മറ്റ് മാരക വൈറസുകൾക്കെതിരെയും ഈ മരുന്ന് ഫലപ്രദമാണെന്ന് വിവിധ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

