ഐഡിബിഐ ബാങ്ക് ഓഹരി വിറ്റഴിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ വിമർശനമുന്നയിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് ശക്തമായ മറുപടിയുമായി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ രംഗത്തെത്തി. രാഷ്ട്രീയ സ്വാധീനമുള്ള വൻകിട
വ്യവസായികൾക്ക് വഴിവിട്ട് വായ്പകൾ അനുവദിക്കാൻ മുൻ കോൺഗ്രസ് സർക്കാരുകൾ പൊതുമേഖലാ ബാങ്കുകളെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. കാര്യക്ഷമമായ ഭരണനിർവഹണത്തിലൂടെ നരേന്ദ്ര മോദി സർക്കാരാണ് ബാങ്കിനെ പുനരുജ്ജീവിപ്പിച്ചതെന്നും അവർ വ്യക്തമാക്കി.
കനേഡിയൻ കമ്പനിയായ ഫെയർഫാക്സിന് ഐഡിബിഐ ബാങ്ക് വിൽക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തെ രാഹുൽ ഗാന്ധി എതിർക്കുകയും ബാങ്ക് ജീവനക്കാർക്കു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ലാഭത്തിലേക്ക് തിരിച്ചെത്തിയ ഒരു ബാങ്ക് വിറ്റഴിക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്തുകൊണ്ട് അദ്ദേഹം എക്സിൽ കുറിപ്പും പങ്കുവെച്ചിരുന്നു.
ഇതിനുള്ള മറുപടിയായാണ് ധനമന്ത്രിയുടെ വിശദീകരണം. തീർത്തും തകർന്ന അവസ്ഥയിലായിരുന്നു ഐഡിബിഐ ബാങ്ക് തങ്ങൾക്ക് ലഭിച്ചതെന്നും കാര്യക്ഷമമായ പ്രവർത്തനങ്ങളിലൂടെയാണ് അത് മാറ്റിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
‘‘കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകൾക്കു വായ്പ നൽകാൻ ഐഡിബിഐ നിർബന്ധിതരായിരുന്നു.
ഇവ തിരിച്ചടയ്ക്കാത്ത വായ്പകളായി മാറുകയും ബാങ്കിനു വലിയ നഷ്ടമുണ്ടാക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ഇടപെടൽ നടത്തിയും 25,000 കോടിയിലധികം രൂപയുടെ മൂലധന നിക്ഷേപം നടത്തിയും ബാങ്കിനെ പുനരുജ്ജീവിപ്പിച്ചു.
ഐഡിബിഐ ബാങ്ക് ഇപ്പോൾ വളർച്ചാഘട്ടത്തിലേക്ക് കുതിക്കാൻ സജ്ജമാണ്’’ – മന്ത്രി പറഞ്ഞു. ‘‘കോൺഗ്രസിന്റെ കാലത്ത് ബാങ്കുകൾ സൃഷ്ടിക്കപ്പെടുകയായിരുന്നു.
എന്നാൽ മോദിയുടെ കാലത്താകട്ടെ അവ വിറ്റഴിക്കുകയാണ്’’ എന്നായിരുന്നു രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്. ഐഡിബിഐ ബാങ്ക് ജീവനക്കാർക്കായി അദ്ദേഹം അയച്ച ഒരു കത്തും ഇതിനൊപ്പം പങ്കുവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

