വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് വിതരണം ചെയ്യാനായി ബിഹാറിൽനിന്നും ജില്ലയിലേക്ക് വൻതോതിൽ കഞ്ചാവുമിഠായികൾ കടത്തിക്കൊണ്ടുവരുന്നതായി രഹസ്യവിവരം ലഭിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ എക്സൈസ് വകുപ്പും പൊലീസിന്റെ ലഹരിവിരുദ്ധ സ്ക്വാഡും സംയുക്തമായി ജില്ലയിൽ നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.
മറ്റ് ജില്ലകളിൽ സമാനമായ ലഹരി മിഠായികളുമായി പ്രതികൾ പിടിയിലായ സംഭവങ്ങളിൽ നിന്നാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇവയുടെ വ്യാപകമായ ഉൽപാദനത്തെക്കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. തിരുവനന്തപുരം ജില്ല ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിലെ വിവിധ ഭാഗങ്ങളിൽ ഇത്തരം ലഹരി മിഠായികൾ നിർമ്മിക്കുന്ന കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് സൂചനകൾ വ്യക്തമാക്കുന്നത്.
ബിഹാറിൽ വെറും ഒരു രൂപയ്ക്ക് ലഭിക്കുന്ന ഈ മിഠായികൾ കേരളത്തിൽ എത്തിക്കുമ്പോൾ 50 രൂപ നിരക്കിലാണ് ചില്ലറ വിൽപന നടക്കുന്നത്. റെയിൽവേ സ്റ്റേഷനുകളിൽ കർശന പരിശോധന നിലനിൽക്കുന്നതിനാൽ, ട്രെയിനുകളിൽ മിഠായികളുമായി എത്തുന്നവർ സ്റ്റേഷനിൽ ഇറങ്ങാതെ മുൻകൂട്ടി നിശ്ചയിച്ച പ്രത്യേക കേന്ദ്രങ്ങൾക്ക് സമീപം എത്തുമ്പോൾ ചാക്കുകെട്ടുകൾ പുറത്തേക്ക് വലിച്ചെറിയുന്നതാണ് പുതിയ രീതി.
തുടർന്ന് സഹായികൾ ഈ ചാക്കുകൾ ശേഖരിച്ച് രഹസ്യ കേന്ദ്രങ്ങളിൽ ഒളിപ്പിക്കുകയാണ് പതിവ്. കഞ്ചാവുമിഠായിയുടെ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
ഈ മിഠായി ഒരിക്കൽ ഉപയോഗിക്കുന്നവർക്ക് വീണ്ടും കഴിക്കാനുള്ള തോന്നുലുണ്ടാകുകയും, ഇത് പിന്നീട് കഞ്ചാവ് ഉൾപ്പെടെയുള്ള മറ്റ് മാരക ലഹരിപദാർഥങ്ങളിലേക്ക് വഴിമാറുന്നതിനും കാരണമാകുന്നു. ചെറുപ്രായത്തിലേ തന്നെ വിദ്യാർത്ഥികളെ ലഹരിക്ക് അടിമകളാക്കാനാണ് ഇത്തരം മാഫിയകൾ ഈ മിഠായികൾ വിതരണം ചെയ്യുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
സംസ്ഥാനത്ത് പിടിച്ചെടുത്ത കഞ്ചാവുമിഠായി തിരുവനന്തപുരത്തെ ഫൊറൻസിക് ലാബിൽ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ, കഞ്ചാവ് ചെടിയിൽ അടങ്ങിയിരിക്കുന്ന ടെട്രാഹൈഡ്രോ കനാബിനോൾ (ടിഎച്ച്സി) ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് വകുപ്പ് ജില്ലാ വിദ്യാഭ്യാസ വകുപ്പ് എഇഒമാർക്ക് പ്രത്യേക ജാഗ്രതാ നിർദ്ദേശ കത്ത് നൽകിയിട്ടുണ്ട്.
വിദ്യാർത്ഥികൾക്കിടയിലെ ഈ ലഹരി മിഠായിയുടെ വ്യാപനത്തെക്കുറിച്ചുള്ള സമഗ്രമായ റിപ്പോർട്ട് സംസ്ഥാന സർക്കാരിനും സമർപ്പിച്ചിട്ടുണ്ട്. കഞ്ചാവ് ഉപയോഗിക്കുമ്പോൾ അനുഭവപ്പെടുന്ന ലഹരിക്ക് പ്രധാനകാരണമായ സൈക്കോ ആക്ടീവ് രാസഘടകമാണ് ടിഎച്ച്സി.
ഈ മിഠായികളുടെ തുടർച്ചയായ ഉപയോഗം കുട്ടികളുടെ നാഡീവ്യൂഹത്തെ സാരമായി തളർത്തുമെന്നും ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും അധികൃതർ ചൂണ്ടിക്കാണിക്കുന്നു. ഏകദേശം 5 ഗ്രാം തൂക്കമുള്ള ഈ മിഠായിക്ക് കയ്പും മധുരവുമാണ് രുചിയുള്ളത്.
മിഠായി കഴിച്ചാൽ കുട്ടികൾക്ക് നിർത്താതെ ചിരിക്കാൻ കഴിയുമെന്നാണ് ലഹരിക്ക് അടിമകളായ കുട്ടികൾ എക്സൈസ് ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഇതിന്റെ സ്ഥിരമായ ഉപയോഗം കുട്ടികളിൽ കടുത്ത ഡിപ്രഷന് കാരണമാകുന്നുണ്ട്.
കുട്ടികളിൽ അസാധാരണമായ സ്വഭാവവ്യതിയാനങ്ങൾ കണ്ടാൽ മാതാപിതാക്കൾ അതീവ ജാഗ്രത പാലിക്കേണ്ടതാണ്. കുളിക്കാതിരിക്കുക, അഴുക്കുപുരണ്ട
വസ്ത്രങ്ങൾ ധരിക്കുക, പഠനത്തിൽ പിന്നോക്കം പോവുക, മാതാപിതാക്കളിൽ നിന്നും കുടുംബത്തിൽ നിന്നും അകന്നുനിൽക്കുക തുടങ്ങിയ ലക്ഷണങ്ങൾ പ്രകടമായാൽ പ്രത്യേക ശ്രദ്ധ നൽകണം. കുട്ടികൾ ലഹരിക്ക് അടിമകളാണെന്ന് തെളിയുന്ന പക്ഷം എക്സൈസ് വകുപ്പിന്റെ നേതൃത്വത്തിൽ സൗജന്യ കൗൺസിലിംഗും ചികിത്സയും ലഭ്യമാക്കുന്നതാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

