സ്റ്റേജ് ഷോകളിലൂടെയും സിനിമയിലൂടെയും ഒന്നിച്ച് കരിയർ കെട്ടിപ്പടുക്കുകയും പിന്നീട് ജീവിതത്തിൽ ഒന്നാവുകയും ചെയ്തവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് അന്തരിച്ചത്.
നവാസിനെക്കുറിച്ച് ഓർക്കുമ്പോഴൊക്കെ ചർച്ചകളിൽ നിറയാറുള്ള മുഖമാണ് രഹ്നയുടേത്. ഇപ്പോഴിതാ, തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ രഹ്ന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സിനിമാ ലോകത്തിന്റെയും പ്രേക്ഷകരുടെയും ശ്രദ്ധ ആകർഷിക്കുന്നത്.
വിവാഹ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് രഹ്ന കുറിച്ച വരികൾ ഇങ്ങനെ: ”ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികം ആണ്. നവാസ്ക്കയുടെ ആത്മാവിന്റെ കൈ പിടിച്ച് ഇന്നും ഞാൻ തൈ നട്ടു, വർഷങ്ങളായി ചെയ്തു വരുന്നത് കൊണ്ട് ചെയ്യാതിരിക്കാനും പറ്റുന്നില്ല, മനസ്സിന്റെ വിഷമം കാരണം ചെയ്യാനും പറ്റുന്നില്ല.
ചില സമയത്ത് വിധി നമ്മുടെ ഹൃദയത്തെ കീറിമുറിക്കും ഈശ്വരൻ അത് heal ആക്കും, പക്ഷെ ആ പാടുകൾ നമ്മുടെ മനസ്സിൽ അങ്ങിനെകിടക്കും. ഞാനും മക്കളും നടുക്കടലിൽ പെട്ട
അവസ്ഥയാണ് എത്രനേരം നടുക്കടലിൽ പിടിച്ചു നിൽക്കാൻ പറ്റും എന്ന് എനിക്കറിയില്ല. നവാസ്ക്ക പോയി ഇത്രയും നാളായിട്ടും ആർക്കും ഒരു ബാധ്യതയും ആയിട്ടില്ല.
അത് പടച്ചവൻ എന്നെ ഒന്ന് താങ്ങിപിടിച്ചതുകൊണ്ടാണ്. മരണം വരെ ആരിൽനിന്നും ഒന്നും വാങ്ങാതെ ഇങ്ങനെ തന്നെ മുന്നോട്ടുപോണം എന്നാണ് ആഗ്രഹം, അതിനു ഞാൻ ജോലി ചെയ്തേ പറ്റൂ”.
2002 ലായിരുന്നു നവാസിന്റെയും രഹ്നയുടെയും വിവാഹം. മൂന്ന് മക്കളാണ് ഇവർക്കുള്ളത്.
വിവാഹജീവിതത്തിന് ശേഷം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തെങ്കിലും, വർഷങ്ങൾക്കുശേഷം ‘ഇഴ’ എന്ന ചിത്രത്തിലൂടെയാണ് രഹ്ന തിരിച്ച് എത്തിയത്. ഈ ചിത്രത്തിൽ നവാസിന്റെ നായികയായാണ് രഹ്ന അഭിനയിച്ചത്.
നിലവിൽ ‘ഹാപ്പി ലൂപ്പ്’ എന്ന സിനിമയിലും രഹ്ന അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. അഭിനയരംഗത്ത് സജീവമായി തുടരുന്നതിനിടയിലായിരുന്നു നവാസിന്റെ അപ്രതീക്ഷിത മരണം സംഭവിച്ചത്.
‘പ്രകമ്പനം’ എന്ന സിനിമയുടെ ഷൂട്ടിംഗിനായി ചോറ്റാനിക്കരയിലെത്തിയ നവാസിന് ഹോട്ടൽ മുറിയിൽ വെച്ച് ഹൃദായാഘാതം ഉണ്ടാകുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

