ഉത്തർപ്രദേശിലെ ലക്നൗ സാദത്ത്ഗഞ്ചിൽ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പ്രതിയായ ശുക്ല (30) പട്ടാപ്പകൽ നാട്ടുകാർ നോക്കിനിൽക്കെയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്.
വെറും 22 സെക്കൻഡിനുള്ളിൽ അഞ്ച് തവണയാണ് ശുക്ല ഇവർക്ക് നേരെ വെടിയുതിർത്തത്. രണ്ടുതവണ വെടിവച്ചശേഷം തോക്ക് റീലോഡ് ചെയ്ത് വീണ്ടും വെടിയുതിർക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്ന വീഡിയോയിൽ പതിഞ്ഞിട്ടുണ്ട്.
കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതി തന്റെ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തിട്ടുണ്ട്. ‘‘അവർ എന്നെ ഇഷ്ടികകൊണ്ട് എറിഞ്ഞു, അതുകൊണ്ടാണ് ഞാൻ വെടിവെച്ചത്’’ എന്ന് ശുക്ല പറയുന്നതും വീഡിയോയിൽ വ്യക്തമായി കേൾക്കാം.
ഒക്ടോബർ 26 ന് രാവിലെ 10:30 ഓടെയാണ് നാടിനെ നടുക്കിയ ഈ കൊലപാതകം അരങ്ങേറിയത്. കാർ പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ശുക്ലയും തിവാരി കുടുംബവും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു.
ഈ മുൻവൈരാഗ്യമാണ് പിന്നീട് വലിയൊരു ദുരന്തത്തിൽ കലാശിച്ചത്. സംഭവത്തിൽ ശിവാജി തിവാരി (62), അദ്ദേഹത്തിന്റെ സഹോദരൻ ശിവേന്ദ്ര തിവാരി (55), ശിവേന്ദ്രയുടെ മകൻ സുയാഷ് തിവാരി (30) എന്നിവരാണ് കൊല്ലപ്പെട്ടത്.
ഗുരുതരമായി പരിക്കേറ്റ മൂവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലപാതകത്തിന് പിന്നാലെ സംഭവസ്ഥലത്തുനിന്ന് തന്നെ പോലീസ് പ്രതിയായ ശുക്ലയെ കസ്റ്റഡിയിലെടുത്തു.
ഇയാളിൽ നിന്ന് ഒരു പിസ്റ്റളും വെടിയുണ്ടകളും പിടിച്ചെടുത്തിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

