ധാക്ക: ബംഗ്ലാദേശിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സൈനിക വിമാനത്തിൽ രാജ്യം വിടുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയെന്ന് കരുതപ്പെടുന്ന മുൻ വ്യോമസേനാ ഫ്ലൈറ്റ് ലഫ്റ്റനന്റ് കെ.എം തഹ്സീഫ് സൗറിയെ ധാക്കയിലെ തുരാഗ് നദിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാണാതായി ഒരു ദിവസത്തിന് ശേഷമാണ് മൃതദേഹം കണ്ടെത്തുന്നത്.
തുടർനടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷഹീദ് സുഹ്റവർദി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ശരീരത്തിൽ മുറിവുകളോ പരിക്കുകളോ ഉണ്ടോയെന്ന ചോദ്യത്തോട് പോലീസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
മൃതദേഹത്തോടൊപ്പം ലഭിച്ച ഫോണും ഘടികാരവും പരിശോധിച്ചാണ് മരിച്ചത് സൗറിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചത്. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങൾ പുറത്തുവിട്ടതുമായി ഇദ്ദേഹത്തിന്റെ മരണത്തിന് എന്തെങ്കിലും ബന്ധമുണ്ടോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി സ്വലാഹുദ്ദീൻ അഹമ്മദ് നേരിട്ട് മറുപടി നൽകാൻ തയ്യാറായില്ല.
പ്രാഥമിക അന്വേഷണം പൂർത്തിയാകാതെ ഒരു നിഗമനത്തിലെത്താൻ സാധിക്കില്ലെന്നും, പോസ്റ്റ്മോർട്ടം റിപ്പോർട്ടും മറ്റ് ഫോറൻസിക് വിശദാംശങ്ങളും പുറത്തുവന്ന ശേഷം ഔദ്യോഗിക പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. കാണാതാവുന്നതിന് തലേദിവസം അമ്മയോടൊപ്പം മുഴുവൻ സമയം ഷോപ്പിംഗ് നടത്തിയ ശേഷം, വൈകിട്ട് സുഹൃത്തിന്റെ ഫോൺ കോൾ വന്നതിനെ തുടർന്നാണ് അദ്ദേഹം വീട്ടിൽ നിന്ന് പുറത്തേക്ക് പോയത്.
പിന്നീട് തിരികെ എത്തിയതുമില്ല. ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ വഴി പ്രതികരണമൊന്നും ലഭിച്ചിരുന്നില്ല.
ഇദ്ദേഹത്തെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും സംശയം. 2024 ഓഗസ്റ്റിൽ സേനയിൽ നിന്ന് പുറത്താക്കപ്പെട്ട
ശേഷം ഇദ്ദേഹം രഹസ്യാന്വേഷണ ഏജൻസികളുടെ കർശന നിരീക്ഷണത്തിലായിരുന്നു. ഷെയ്ഖ് ഹസീന രാജ്യം വിടുന്ന ദൃശ്യങ്ങൾ പകർത്തിയതാണോ സേനയിൽ നിന്ന് പുറത്താക്കാൻ കാരണമെന്ന അന്നത്തെ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് “ആയിരിക്കാം” എന്നായിരുന്നു സൗറി പ്രതികരിച്ചിരുന്നത്.
എന്നാൽ ഇത് ചട്ടങ്ങൾ പാലിച്ചുള്ള നിർബന്ധിത വിരമിപ്പിക്കൽ മാത്രമാണെന്നായിരുന്നു സൈന്യത്തിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

