സംസ്ഥാനത്തെ ആരോഗ്യമേഖലയിൽ വലിയ ചർച്ചയായി മാറിയ മരുന്നുക്ഷാമ പ്രതിസന്ധിക്കിടെ കേരള മെഡിക്കൽ സർവീസസ് കോർപറേഷന്റെ (കെഎംഎസ്സിഎൽ) മാനേജിങ് ഡയറക്ടർ പദവി ഏറ്റെടുക്കാൻ ഐഎഎസ് ഉദ്യോഗസ്ഥർ വിമുഖത പ്രകടിപ്പിക്കുന്നതായി റിപ്പോർട്ട്. തുടർച്ചയായി ചുമതലയേൽക്കാൻ നിയോഗിക്കപ്പെട്ടവർ പിൻവാങ്ങിയതിനെ തുടർന്ന് സ്ഥാപനത്തിന്റെ താത്കാലിക ചുമതല ജനറൽ മാനേജർ ആർ.യു.രാകേഷ്ന് നൽകിക്കൊണ്ട് സർക്കാർ ഉത്തരവിറക്കി.
അഴിമതി ആരോപണങ്ങളും വിജിലൻസ് അന്വേഷണങ്ങളും സജീവമായ കോർപറേഷന്റെ തലപ്പത്തിരിക്കാൻ ഉദ്യോഗസ്ഥർ മടികാണിക്കുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഈ സർക്കാർ അധികാരത്തിൽ വന്ന ഘട്ടത്തിൽ രേണു രാജ് ആയിരുന്നു എംഡി പദവി വഹിച്ചിരുന്നത്.
തുടർന്ന് അവർ നാഷണൽ ഹെൽത്ത് മിഷനിലേക്ക് (എൻഎച്ച്എം) മാറിയ ഒഴിവിലേക്ക് അനു എസ്.നായരെ നിയമിച്ചെങ്കിലും ദിവസങ്ങൾ കഴിഞ്ഞിട്ടും അവർ ചുമതലയേറ്റെടുക്കാൻ തയ്യാറായില്ല. ഇതിനിടയിൽ ബ്ലീച്ചിങ് പൗഡർ ഇടപാട്, കോവിഡ് കാലത്തെ അഴിമതി ആരോപണങ്ങൾ, അമിതവില നൽകി മരുന്നു വാങ്ങിയ സംഭവങ്ങൾ എന്നിവയിൽ വിജിലൻസ് അന്വേഷണം ആരംഭിക്കുകയും ഉദ്യോഗസ്ഥരിൽ നിന്ന് മൊഴിയെടുക്കൽ നടപടികൾ ഊർജിതമാവുകയും ചെയ്തത് ഉദ്യോഗസ്ഥരെ കൂടുതൽ ആശങ്കയിലാക്കി.
അനു എസ്.നായർ ചുമതലയേൽക്കാതെ പിൻവാങ്ങിയതിനെ തുടർന്ന് ലാൻഡ് റവന്യൂ കമ്മിഷണർ എച്ച്.ദിനേശിനെ പുതിയ എംഡിയായി നിയമിച്ചുകൊണ്ട് കഴിഞ്ഞ മാസം 25ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. എന്നാൽ നാലു ദിവസങ്ങൾ കഴിഞ്ഞിട്ടും അദ്ദേഹം ചുമതലയേൽക്കാൻ തയ്യാറായില്ല.
സർക്കാർ ആശുപത്രികളിലെ മരുന്നുക്ഷാമവുമായി ബന്ധപ്പെട്ട് മന്ത്രി കെ.മുരളീധരൻ പ്രതിരോധത്തിലാകുന്നതിനിടയിലാണ് കോർപറേഷനിൽ യഥാർത്ഥ പ്രശ്നം പരിഹരിക്കാൻ സ്ഥിരം മേധാവികൾ ഇല്ലാത്ത അവസ്ഥയുമുണ്ടായത്. മരുന്നു വിതരണ ശൃംഖല പൂർണ്ണമായി തകരാൻ സാധ്യതയെന്ന വിലയിരുത്തലിനെ തുടർന്നാണ് 29ന് ജനറൽ മാനേജർക്ക് എംഡിയുടെ അധിക ചുമതല നൽകി സർക്കാർ അടിയന്തര ഉത്തരവ് (G.O.(Rt) No.3243/2026/H&FWD) പുറപ്പെടുവിച്ചത്.
സ്ഥിരം എംഡി ഇല്ലാത്തത് കോർപറേഷന്റെ ദൈനംദിന പ്രവർത്തനങ്ങളെയും നയപരമായ സുപ്രധാന തീരുമാനങ്ങളെയും കാര്യമായി ബാധിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി കെഎംഎസ്സിഎൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ സർക്കാരിന് ഔദ്യോഗിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജനറൽ മാനേജർക്ക് താൽക്കാലിക ചുമതല കൈമാറിക്കൊണ്ടുള്ള നടപടിയുണ്ടായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

