വയനാട് ജില്ലയെ സമ്പൂർണ ഇ-മാലിന്യ മുക്ത സ്ഥാപന ജില്ലയായി ഒക്ടോബർ 2ന് പ്രഖ്യാപിക്കുമെന്ന് മന്ത്രി ടി.സിദ്ദീഖ് വ്യക്തമാക്കി. സമ്പൂർണ ഇലക്ട്രോണിക് മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങൾ, ശുചിത്വ മിഷൻ, ക്ലീൻ കേരള കമ്പനി എന്നിവയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഇ-മാലിന്യ ശേഖരണ യജ്ഞ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിന്റെ ഭാഗമായി ജില്ലയിലെ ഹരിതകർമ സേനാംഗങ്ങളെ വിവിധ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആദരിക്കും. ഇതോടൊപ്പം ഇ-മാലിന്യമുക്ത യജ്ഞത്തിൽ പങ്കാളികളായ മുഴുവൻ സർക്കാർ സ്ഥാപനങ്ങളെയും സിവിൽ സ്റ്റേഷനിലെ ശുചീകരണ തൊഴിലാളികളെയും മന്ത്രി ടി.സിദ്ദീഖ് ആദരിക്കും.
മാലിന്യ സംസ്കരണത്തിൽ സംസ്ഥാനത്തുടനീളം നടപ്പാക്കുന്ന ജനകീയ ക്യാംപെയ്നിന്റെ ജില്ലാതല ഉദ്ഘാടനവും അദ്ദേഹം നിർവഹിക്കും. ഒക്ടോബർ 2ന് ഇലക്ട്രോണിക് മാലിന്യ മുക്ത സ്ഥാപനങ്ങൾ എന്ന ഒന്നാം ഘട്ട
പ്രഖ്യാപനമാണ് നടക്കുക. ഇതിന്റെ മുന്നോടിയായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ അതത് തദ്ദേശ പരിധിയിലെ സ്ഥാപനങ്ങളിൽ നിന്നുള്ള ഇ മാലിന്യങ്ങൾ ശേഖരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് മന്ത്രി ടി.സിദ്ദീഖ് കർശന നിർദേശം നൽകി.
ഉപയോഗശേഷം വലിച്ചെറിയുന്ന ട്യൂബുകൾ, സിഎഫ്എൽ ബൾബുകൾ, ബാറ്ററികൾ അടക്കമുള്ള എല്ലാ ഇലക്ട്രോണിക് മാലിന്യങ്ങളും മണ്ണിലും ജലത്തിലും വലിയ തോതിൽ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുന്നുണ്ട്. ഇത് തടയുന്നതിന്റെ ഭാഗമായി ജില്ലയിലെ എല്ലാ സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ഇലക്ട്രോണിക് മാലിന്യങ്ങൾ താലൂക്ക് അടിസ്ഥാനത്തിൽ കലക്ഷൻ സെന്ററുകൾ മുഖേന ശേഖരിക്കും.
തുടർന്ന് നവംബർ ഒന്നിന് സമ്പൂർണ ഇ-മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണൻ, കലക്ടർ വി.ചെൽസാസിനി, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ പി.സി.മജീദ്, ജില്ലാ പ്ലാനിങ് ഓഫിസർ എം.കമാലുദ്ദീൻ, പഞ്ചായത്ത് അസോസിയേഷൻ സെക്രട്ടറി ജാസർ പാലയ്ക്കൽ, ശുചിത്വ മിഷൻ ജില്ലാ പ്രോഗ്രാം ഓഫിസർ കെ.അനൂപ് തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

