ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധികൾ സൃഷ്ടിച്ച വെല്ലുവിളികൾ കണക്കിലെടുത്ത്, രാജ്യത്തിന്റെ കരുതൽ പെട്രോളിയം ശേഖരം വർദ്ധിപ്പിക്കാൻ കേന്ദ്രസർക്കാർ നടപടികൾ ഊർജ്ജിതമാക്കി. നിലവിൽ 5.33 ദശലക്ഷം ടൺ ക്രൂഡോയിൽ മാത്രമാണ് രാജ്യത്തെ മൂന്ന് കേന്ദ്രങ്ങളിലായി സംഭരിച്ചിട്ടുള്ളത്.
ഇത് രാജ്യത്തിന്റെ 9.5 ദിവസത്തെ ആവശ്യങ്ങൾക്ക് മാത്രമേ തികയുകയുള്ളൂ. ഈ സാഹചര്യം മാറി, 40 ദിവസത്തേക്ക് ആവശ്യമായ ക്രൂഡോയിൽ കരുതാൻ കഴിയുന്ന വിധത്തിൽ സംഭരണ ശേഷി ഉയർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
പുതിയ സംഭരണ പദ്ധതികൾ
രാജ്യത്തെ അഞ്ച് പുതിയ കേന്ദ്രങ്ങളിൽ ഭൂഗർഭ അറകൾ നിർമ്മിച്ച് ക്രൂഡോയിൽ ശേഖരിക്കാനാണ് തീരുമാനം. ഒഡിഷയിലെ ചാണ്ടിഖോൽ, മധ്യപ്രദേശിലെ ബിന, രാജസ്ഥാനിലെ ബിക്കാനീർ, കർണാടകയിലെ പദൂർ, മംഗളൂരു എന്നിവയാണ് പുതിയ കേന്ദ്രങ്ങളായി തിരഞ്ഞെടുത്തത്.
ഇതിൽ ചാണ്ടിഖോലിലെ 4 ദശലക്ഷം ടൺ ശേഷിയുള്ള പദ്ധതി നടപ്പുസാമ്പത്തിക വർഷാവസാനത്തോടെ പ്രവർത്തനക്ഷമമാകും. ബിനയിൽ 5 ദശലക്ഷം ടൺ ശേഷിയും, ബിക്കാനീറിൽ 5.625 ദശലക്ഷം ടൺ ശേഷിയുമുള്ള പദ്ധതികളുടെ സാധ്യതാ പഠനങ്ങൾ ഉടൻ ആരംഭിക്കും.
ശേഷി വർദ്ധിപ്പിക്കാനുള്ള നടപടികൾ
പുതിയ കേന്ദ്രങ്ങൾക്കൊപ്പം നിലവിലുള്ളവയുടെ ശേഷിയും ഉയർത്തുന്നുണ്ട്. മംഗളൂരുവിൽ 1.75 ദശലക്ഷം ടൺ ശേഷിയുള്ള പുതിയ കേന്ദ്രം നിർമ്മിക്കാൻ പൊതുമേഖല സ്ഥാപനമായ ഓയിൽ ആൻഡ് നാച്ചുറൽ ഗ്യാസ് കോർപറേഷന് കേന്ദ്രം നിർദ്ദേശം നൽകി.
പദൂരിലെ ശേഷി 2.5 ദശലക്ഷം ടൺ കൂടി വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ മേഘ എൻജിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ മുഖേന പുരോഗമിക്കുകയാണ്. പ്രതിസന്ധികളും കണക്കുകളും
ചൈന, ജപ്പാൻ തുടങ്ങിയ രാജ്യങ്ങൾ മാസങ്ങളോളം ഉപയോഗിക്കാനുള്ള എണ്ണ കരുതുമ്പോൾ, ഇന്ത്യയുടെ നിലവിലെ കരുതൽ ശേഖരം അപര്യാപ്തമാണെന്നാണ് വിലയിരുത്തൽ.
അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയുടെ നിർദ്ദേശപ്രകാരം 90 ദിവസത്തേക്കുള്ള ശേഖരം ഉറപ്പാക്കുകയാണ് സർക്കാരിന്റെ മുന്നിലുള്ള വെല്ലുവിളി. കഴിഞ്ഞ സാമ്പത്തിക വർഷം (2025-26) 13,470 കോടി ഡോളറിന്റെ ക്രൂഡോയിലാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്.
ഇത് രാജ്യത്തിന്റെ ആകെ ഉൽപ്പന്ന ഇറക്കുമതി ചെലവിന്റെ 17 ശതമാനമാണ്. ഏണസ്റ്റ് ആൻഡ് യങ് (ഇ വൈ) നൽകിയ മുന്നറിയിപ്പ് പ്രകാരം, കരുതൽ ശേഖരം വർദ്ധിപ്പിച്ചില്ലെങ്കിൽ ഹോർമുസ് പ്രതിസന്ധി പോലുള്ള സാഹചര്യങ്ങളിൽ വലിയ സാമ്പത്തിക തിരിച്ചടി നേരിടേണ്ടി വരും.
1999-ൽ 55 ശതമാനമായിരുന്ന ഇറക്കുമതി ആശ്രിതത്വം ഇന്ന് 90 ശതമാനത്തിലേക്ക് ഉയർന്നിട്ടുണ്ട്. ആഭ്യന്തര ഉൽപ്പാദനത്തിലെ കുറവും ഉപഭോഗത്തിലെ വർദ്ധനവുമാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

