പാരഗ്വായ്യോട് പരാജയപ്പെട്ട് പ്രീ ക്വാർട്ടർ പോലും കാണാതെ ലോകകപ്പിൽ നിന്നും ജർമനി പുറത്തായതിന് പിന്നാലെ, ടീം മുൻ ക്യാപ്റ്റനും ഗോൾ കീപ്പറുമായ മാനുവൽ ന്യൂയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ഓഗസ്റ്റ് 2024-ൽ ദേശീയ ടീമിൽ നിന്നും വിരമിക്കുന്നതായി നേരത്തെ അറിയിച്ചിരുന്നെങ്കിലും, ലോകകപ്പ് സ്ക്വാഡിലേക്ക് അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.
എന്നാൽ ലോകകപ്പിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ താരം തന്റെ വിരമിക്കൽ തീരുമാനം ഔദ്യോഗികമായി സ്ഥിരീകരിച്ചു. 2014-ൽ ജർമ്മനി ലോകകിരീടം ചൂടിയപ്പോൾ നിർണായക സാന്നിധ്യമായിരുന്ന ന്യൂയർ, തന്റെ കരിയറിലെ അഞ്ചാമത്തെ ലോകകപ്പിലാണ് ഇത്തവണ പങ്കെടുത്തത്.
ഈ മത്സരത്തോടെ ലോകകപ്പിലെ തന്റെ ഇരുപത്തിമൂന്നാമത്തെ മത്സരവും അദ്ദേഹം പൂർത്തിയാക്കി. നേരത്തെ, 2024-ൽ യൂറോകപ്പ് ക്വാർട്ടറിൽ സ്പെയ്നിനോട് തോറ്റതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും, ലോകകപ്പ് ലക്ഷ്യമിട്ട് ആ തീരുമാനം പിൻവലിച്ച് അദ്ദേഹം ടീമിലേക്ക് മടങ്ങുകയായിരുന്നു.
ഗോൾപോസ്റ്റിന് പുറത്തിറങ്ങി പന്ത് തട്ടിയകറ്റുന്ന സ്വീപ്പർ കീപ്പർ ശൈലിയിലൂടെ ഫുട്ബോൾ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് ന്യൂയർ. അതേസമയം, ഇത്തവണത്തെ ലോകകപ്പിൽ ജർമനിയുടെ പ്രകടനം വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഗ്രൂപ്പ് ഘട്ടത്തിൽ ഒരു മത്സരം പോലും ക്ലീൻ ഷീറ്റ് നിലനിർത്താൻ ടീമിനായില്ല. കൂടാതെ, ഇക്വഡോറിനോട് ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ഏറ്റുവാങ്ങിയ തോൽവി വലിയ ചർച്ചകൾക്ക് തിരികൊളുത്തി.
ജർമൻ പ്രതിരോധനിരയുടെ വീഴ്ചകൾക്കൊപ്പം ന്യൂയറുടെ പ്രകടനവും കടുത്ത വിമർശനങ്ങൾ നേരിട്ടിരുന്നു. 2014-ലെ കിരീട
നേട്ടത്തിന് ശേഷം തുടർച്ചയായി മൂന്ന് ലോകകപ്പുകളിലാണ് ജർമ്മനി പ്രീ ക്വാർട്ടർ കാണാതെ പുറത്തായത്. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ജർമ്മനി ഒരു ഷൂട്ടൗട്ടിൽ പരാജയപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

