പുൽപള്ളി ∙ നാടിന്റെ ജീവനാഡിയായ കബനിനദിയിലെ ജലനിരപ്പ് അതിവേഗം താഴുന്നത് തീരപ്രദേശവാസികളിൽ ആശങ്ക പരത്തുന്നു. അണക്കെട്ട് നിർമിച്ചതിനുശേഷമുള്ള ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും നേരത്തെ പുഴയിൽ ജലമില്ലാത്ത അവസ്ഥ ഉണ്ടാകുന്നത്.
സാധാരണയായി വയനാട്ടിൽ മൺസൂൺ ശക്തമാകുമ്പോൾ അണക്കെട്ട് തുറന്നുവിടുകയും, മഴക്കാലം അവസാനിക്കുമ്പോൾ സംഭരണി നിറയ്ക്കുകയുമാണ് പതിവ്. ഇതിനിടയിൽ തമിഴ്നാടിനുള്ള ജലവിഹിതവും കൈമാറാറുണ്ടായിരുന്നു.
എന്നാൽ ഇക്കൊല്ലം എല്ലാവരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കബനി പൂർണ്ണമായും വറ്റിവരളുന്ന സ്ഥിതിവിശേഷമാണ് ഉള്ളത്. ഇപ്പോഴും നിശ്ചിത അളവിൽ വെള്ളം കർണാടകം തമിഴ്നാടിനു നൽകിവരുന്നുണ്ട്.
അതിനാൽ പുഴയിൽ അടിയൊഴുക്കുണ്ടെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വരണ്ടുണങ്ങിയ തമിഴ്നാട്ടിലെ നെല്ലറകളിലേക്ക് വെള്ളം എത്തിക്കണമെന്ന കോടതി ഉത്തരവിനെ തുടർന്ന് 10 ദിവസം മുൻപ് ബീച്ചനള്ളിവഴി കാവേരിയുടെ ഭാഗമായ ജലം മേട്ടൂർ അണക്കെട്ടിലേക്ക് തുറന്നുവിട്ടിരുന്നു.
കബനിക്കരയിലെ ഡസനോളം മോട്ടറുകൾ രാപകൽ പ്രവർത്തിപ്പിച്ചാണ് അതിർത്തി പ്രദേശത്തെ പാടങ്ങളിലേക്ക് കർഷകർ വെള്ളമെത്തിക്കുന്നത്. ജല ലഭ്യത കുറവായതിനാൽ കൃഷിയിറക്കാൻ കഴിയാത്തവരും, കൃഷിയിറക്കിയവർക്ക് വളമിടാൻ സാധിക്കാത്തതുമായ ഗുരുതര പ്രതിസന്ധിയാണ് നിലവിലുള്ളത്.
കന്നാരംപുഴയും കടമാൻതോടുമടക്കമുള്ള കബനിയുടെ കൈവഴികളും പൂർണ്ണമായും ഒഴുക്കില്ലാത്ത അവസ്ഥയിലാണ്. കൊളവള്ളി മുതൽ ബാവലി വരെയുള്ള കബനിയുടെ മറുകരയിലെ കൃഷികളും കടുത്ത നാശത്തിലേക്ക് നീങ്ങുകയാണ്.
ബൈരക്കുപ്പ പഞ്ചായത്തിലെ വനയോര ഗ്രാമങ്ങളിൽ ഇത്തവണ പച്ചക്കറി കൃഷിയും പൂർണ്ണമായി ഇല്ലാതായി. അഭൂതപൂർവമായ വരൾച്ചയാണ് അതിർത്തി പ്രദേശങ്ങൾ ഇപ്പോൾ നേരിടുന്നത്.
കുടിവെള്ളത്തിന് എന്തുചെയ്യുമെന്ന ആശങ്കയാണിപ്പോൾ ജനങ്ങളെ പ്രധാനമായും അലട്ടുന്നത്. നദിയിലെ ജലനിരപ്പ് താഴുന്നതിന് അനുസരിച്ച് തീരപ്രദേശങ്ങളിലെ കിണറുകളിലെ വെള്ളവും വറ്റിത്തുടങ്ങി.
സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ച പ്രദേശങ്ങളിലൊന്നാണ് പുൽപള്ളി. കടുത്ത ചൂട് ജനജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
രാത്രിയിലും ചൂടിന് കുറവില്ലാത്ത അവസ്ഥയാണ്. കന്നുകാലികളും കടുത്ത ചൂടിൽ ദുരിതത്തിലായിരിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

