എരുമേലി പഞ്ചായത്തിലെ ഉയരമേറിയ പ്രദേശങ്ങളിൽ പ്രവർത്തിച്ചിരുന്ന പാറമടകൾ വലിയ സുരക്ഷാ ഭീഷണിയാണ് സൃഷ്ടിക്കുന്നത്. പ്രദേശവാസികൾ ‘ജലബോംബ്’ എന്ന് വിശേഷിപ്പിക്കുന്ന ഈ പാറമടക്കുളങ്ങളിൽ ലക്ഷക്കണക്കിന് ലീറ്റർ വെള്ളമാണ് കെട്ടിക്കിടക്കുന്നത്.
വട്ടകപ്പാറ, ആനക്കല്ല് എന്നീ മേഖലകളിലെ ജനങ്ങൾ എപ്പോൾ വേണമെങ്കിലും മലവെള്ളപ്പാച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന ഭീതിയിലാണ് കഴിയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ ഈ പാറമടക്കുളത്തിൽ വീണ് രണ്ട് യുവാക്കൾ മരിച്ചത് വലിയ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്.
ദുരന്തസാധ്യത
ഒരു വർഷമായി പ്രവർത്തനം നിർത്തിവെച്ച പാറമടകളാണെങ്കിലും മഴക്കാലത്ത് ഇവ വലിയ തടാകങ്ങളായി മാറുന്നു. ഇത്രയധികം വെള്ളം ശേഖരിക്കപ്പെട്ടിട്ടുള്ളത് പല നാട്ടുകാർക്കും അറിവില്ലാത്ത കാര്യമാണ്.
ഈ വെള്ളം പെട്ടെന്ന് ഒഴുകിയെത്തിയാൽ എരുമേലി ടൗൺ വരെ അപകടത്തിലാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. മഴക്കാലത്ത് ഈ ഭാഗത്തുനിന്നുണ്ടാകുന്ന ശക്തമായ ഒഴുക്ക് വാവർ മെമ്മോറിയൽ സ്കൂളിന് വലിയ ഭീഷണി ഉയർത്തുന്നതായി നേരത്തെ തന്നെ സ്കൂൾ മാനേജ്മെന്റ് അധികൃതർ പരാതി നൽകിയിരുന്നു.
അധികൃതരുടെ നിസംഗത
ഒരു മലയുടെ വിവിധ ഭാഗങ്ങളിലായി പ്രവർത്തിച്ചിരുന്ന മൂന്ന് വലിയ പാറമടകൾ കഴിഞ്ഞ മാർച്ച് മുതൽ പെർമിറ്റ് പുതുക്കാത്തതിനെത്തുടർന്ന് അടച്ചിട്ടിരിക്കുകയാണ്. മുമ്പ് ഈ ഭാഗങ്ങളിലൂടെ രാസമാലിന്യങ്ങൾ കലർന്ന വെള്ളം ഒഴുകി എത്തിയ സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജീവനും സ്വത്തിനും വലിയ ഭീഷണി ഉണ്ടായിട്ടും റവന്യൂ, മൈനിങ് ആൻഡ് ജിയോളജി വിഭാഗങ്ങൾ കാര്യക്ഷമമായ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. നിലവിൽ അപകടം നടന്ന പാറമട
വീണ്ടും പ്രവർത്തനം തുടങ്ങാൻ അപേക്ഷ നൽകിയതായും, ഇതിന് അനുമതി നൽകിയാൽ പ്രക്ഷോഭ പരിപാടികൾ ആരംഭിക്കുമെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. പുതിയ അപേക്ഷകൾ
നിലവിൽ അടച്ചിട്ടിരിക്കുന്നവയ്ക്ക് പുറമേ, ഈ മേഖലയിൽ പുതുതായി രണ്ട് പാറമടകൾ കൂടി ആരംഭിക്കാൻ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.
രണ്ട് ഏക്കറിലധികം സ്ഥലത്താണ് ഖനനം ലക്ഷ്യമിടുന്നത്. ഇതിനായി മലിനീകരണ നിയന്ത്രണ ബോർഡ് നടത്തിയ ജനകീയ അദാലത്തിൽ നാട്ടുകാർ ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു.
ഖനനത്തിന് അനുമതി നൽകിയാൽ വലിയ പാരിസ്ഥിതിക വിപത്തിന് അത് കാരണമാകുമെന്നാണ് പ്രദേശവാസികളുടെ വിലയിരുത്തൽ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

