ആലപ്പുഴ ചേർത്തലയിൽ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചേർത്തല വെളിയിൽ വീട്ടിൽ ജയരാജൻ (60) ആണ് മരിച്ചത്.
കഴിഞ്ഞ ഞായറാഴ്ച വീടിന് പുറത്ത് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിലൂടെയാണ് മരണത്തിൽ ദുരൂഹതയുണ്ടെന്നും ഇതൊരു കൊലപാതകമാണെന്നും തെളിഞ്ഞത്.
ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ജയരാജന്റെ മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
സംഭവം നടന്ന ദിവസം പിതാവും മകനും തമ്മിൽ വീട്ടിൽ രൂക്ഷമായ തർക്കം ഉണ്ടായതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വീട്ടിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയ ജയരാജനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കാൻ വീട്ടുകാർ തയ്യാറായില്ലെന്ന് ആരോപണമുണ്ട്.
പിന്നീട് മാറി താമസിക്കുന്ന മൂത്ത മകൻ ശ്രീജിത്ത് എത്തിയാണ് ഇദ്ദേഹത്തെ ചേർത്തല താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ, അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
മൃതദേഹം പരിശോധിച്ച ആശുപത്രി അധികൃതർ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവുകളും മർദനമേറ്റ പാടുകളും ഉള്ളതായി പൊലീസിനെ അറിയിച്ചു. ഇതേതുടർന്ന് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീട്ടിൽ വഴക്കുണ്ടായതും തുടർന്നുണ്ടായ സംഘർഷവുമാണ് മരണത്തിൽ കലാശിച്ചതെന്ന് വ്യക്തമായത്.
കേസിൽ കൂടുതൽ ചോദ്യം ചെയ്യലുകൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

