ഇടുക്കി അണക്കെട്ട് വിനോദസഞ്ചാരികൾക്കായി തുറന്നു നൽകിയതോടെ ജലാശയത്തിലെ ബോട്ട് സവാരിക്ക് വൻ ജനപങ്കാളിത്തമാണ് അനുഭവപ്പെടുന്നത്. അണക്കെട്ടുകളുടെ ദൃശ്യഭംഗി ആസ്വദിക്കാൻ എത്തുന്നവർ വനം വകുപ്പിന്റെ ബോട്ടിംഗ് സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്.
സ്കൂൾ അവധിക്കാലമായതിനാൽ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി സന്ദർശകരാണ് ഈ മേഖലയിലേക്ക് എത്തുന്നത്. സഞ്ചാരികളുടെ തിരക്ക് വർധിച്ചതായി അധികൃതർ വ്യക്തമാക്കി.
വർഷത്തിൽ 365 ദിവസവും ബോട്ടിംഗ് സൗകര്യം ലഭ്യമാണ്. രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് അഞ്ച് മണി വരെയാണ് ബോട്ട് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
പതിനെട്ട് പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന ബോട്ട് സേവനത്തിന് മുതിർന്നവർക്ക് 178 രൂപയും 12 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 85 രൂപയുമാണ് നിരക്ക്. അരമണിക്കൂർ നീളുന്ന യാത്ര വെള്ളാപ്പാറ ബോട്ട് ജെട്ടിയിൽ നിന്നാണ് ആരംഭിക്കുന്നത്.
യാത്രയ്ക്കിടെ ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്ക് പുറമെ വൈശാലി ഗുഹയുടെ മനോഹരമായ കാഴ്ചകളും സഞ്ചാരികൾക്ക് ലഭിക്കും. ഇടുക്കി പദ്ധതിയുടെ ചരിത്രപരമായ വിവരങ്ങൾ പങ്കുവെക്കാൻ ബോട്ട് ജീവനക്കാരുടെ സേവനവുമുണ്ട്.
യാത്രക്കിടയിൽ ആന ഉൾപ്പെടെയുള്ള വന്യജീവികളെ കാണാനുള്ള അവസരവും സഞ്ചാരികൾക്ക് ലഭിക്കുന്നു. 2015 മുതൽ ഈ പദ്ധതി നിലവിലുണ്ടെങ്കിലും കഴിഞ്ഞ കുറച്ചു കാലമായാണ് വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വലിയ വർധനവുണ്ടായതെന്ന് വൈൽഡ് ലൈഫ് സാങ്ച്വറി അധികൃതർ അറിയിച്ചു.
പാറേമാവിൽ കൊലുമ്പൻ സമാധിക്കു എതിർവശത്തുള്ള കൗണ്ടറിൽ നിന്നും ടിക്കറ്റ് എടുത്ത് ബോട്ട് ജെട്ടിയിൽ എത്തി സവാരിയിൽ പങ്കുചേരാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

