തുറവൂർ മേഖലയിൽ നടക്കുന്ന തീരദേശ റെയിൽപാത ഇരട്ടിപ്പിക്കൽ നടപടികൾ പ്രദേശവാസികൾക്ക് വലിയ ദുരിതമായി മാറുന്നു. റെയിൽപാതയുടെ രണ്ടാം ഘട്ട
നിർമാണ പ്രവർത്തനങ്ങൾക്കായി സ്വീകരിച്ച അശാസ്ത്രീയമായ നടപടികളാണ് നൂറുകണക്കിന് കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കിയത്. നിലവിൽ റെയിൽപാതയുടെ പടിഞ്ഞാറു ഭാഗത്തായി വാഹനഗതാഗതത്തിനായി മണ്ണിട്ടു നികത്തി റോഡ് നിർമിച്ചിട്ടുണ്ട്.
എന്നാൽ, മുൻപ് വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സൗകര്യമുണ്ടായിരുന്ന തോടുകൾ അടച്ചുകെട്ടിയതാണ് പ്രതിസന്ധിയുടെ പ്രധാന കാരണം. ഈ പ്രദേശങ്ങളിൽ വെള്ളം ഒഴുക്കിവിടുന്നതിനായി കോൺക്രീറ്റ് ഉപയോഗിച്ചുള്ള ബദൽ സംവിധാനങ്ങൾ സ്ഥാപിക്കാൻ അധികൃതർ ശ്രമം തുടങ്ങിയെങ്കിലും, നിർമാണ പ്രവർത്തനങ്ങൾ പാതിവഴിയിൽ നിലച്ചു.
കഴിഞ്ഞയാഴ്ച പെയ്ത ശക്തമായ മഴയെത്തുടർന്ന് വെള്ളം ഒഴുകിപ്പോകാൻ വഴികളില്ലാതെ സമീപത്തെ വീടുകളിലേക്ക് ഇരച്ചുകയറുകയായിരുന്നു. അരൂർ, എഴുപുന്ന തുടങ്ങിയ പഞ്ചായത്തുകളിലെ ജനങ്ങളെയാണ് ഈ ദുരവസ്ഥ നേരിട്ട് ബാധിച്ചിരിക്കുന്നത്.
നിലവിലെ അസൗകര്യം പരിഹരിക്കാൻ പ്രദേശവാസികൾ തന്നെ മുൻകൈയെടുത്ത് യന്ത്രസഹായത്തോടെ മണ്ണു നീക്കം ചെയ്തും ഷട്ടറുകൾ സ്ഥാപിച്ചും വെള്ളം ഒഴുക്കിവിടാൻ ശ്രമിക്കുകയാണ്. നിർമാണത്തിലെ ഇത്തരം അശാസ്ത്രീയതകളെക്കുറിച്ച് നേരത്തെ തന്നെ ജനപ്രതിനിധികൾ മുഖേന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നെങ്കിലും, അധികൃതർ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

