അഹമ്മദാബാദ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിനെതിരെ സെഞ്ചുറി നേടി ഗുജറാത്ത് ടൈറ്റൻസിനെ ഫൈനലിലെത്തിച്ച നായകൻ ശുഭ്മാൻ ഗില്ലിന്റെ പ്രകടനത്തെ പ്രശംസിച്ച് മുൻ ഇന്ത്യൻ താരം അംബാട്ടി റായുഡു. ഈ തകർപ്പൻ പ്രകടനത്തോടെ ഇന്ത്യൻ ടി20 ടീമിലേക്ക് വെറുമൊരു കളിക്കാരനായിട്ടല്ല, മറിച്ച് നായകനായിട്ടായിരിക്കും ഗിൽ തിരിച്ചെത്തുകയെന്ന് റായുഡു അഭിപ്രായപ്പെട്ടു.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ 53 പന്തിൽ നിന്ന് 15 ഫോറുകളും 3 സിക്സറുകളുമടക്കം 104 റൺസാണ് ഗിൽ അടിച്ചുകൂട്ടിയത്. 196.23 എന്ന ഉയർന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ ഈ ബാറ്റിംഗ് മികവ്.
ഈ സീസണിൽ 15 ഇന്നിങ്സുകളിൽ നിന്നായി 722 റൺസ് നേടിയ ഗിൽ, നിലവിൽ റൺവേട്ടക്കാരിൽ രണ്ടാം സ്ഥാനത്താണ്. മത്സരശേഷം പ്രതികരിക്കവേ റായുഡുവിന്റെ വാക്കുകൾ ഇങ്ങനെ: “ഗില്‍ കളിച്ചത് ഒരു ക്ലാസിക് ഇന്നിങ്സ് ആയിരുന്നു.
പിച്ചിന്റെ വേഗതയും ബൗൺസും ഗില്ലിന്റെ ബാറ്റിങ് ശൈലിക്ക് ഏറ്റവും അനുയോജ്യമായ ഒന്നായിരുന്നു. ലോകോത്തര ബൗളറായ ജോഫ്ര ആർച്ചറെ അദ്ദേഹം പുൾ ഷോട്ടുകളിലൂടെ നേരിട്ട
രീതി തന്നെ അതിന് തെളിവാണ്. വിക്കറ്റ് നഷ്ടപ്പെടുത്താനുള്ള സാധ്യതകൾ കുറച്ച്, മനോഹരമായ ക്രിക്കറ്റിങ് ഷോട്ടുകളിലൂടെയാണ് ഗില്‍ റൺസ് കണ്ടെത്തിയത്.
കഴിഞ്ഞ രണ്ട് വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഒരു ബാറ്റർ എന്ന നിലയിലും നായകൻ എന്ന നിലയിലും ഗിൽ ഒരുപാട് മെച്ചപ്പെട്ടു. ഗില്‍ ഇപ്പോൾ ഒരു കംപ്ലീറ്റ് ക്രിക്കറ്ററായി മാറിയിരിക്കുന്നു.” ഏത് കഠിനമായ സാഹചര്യത്തിലും റൺസ് കണ്ടെത്താൻ കെൽപ്പുള്ള ഗില്ലിന് ടി20 ക്രിക്കറ്റിൽ വലിയ ഭാവിയുണ്ടെന്ന് റായുഡു കൂട്ടിച്ചേർത്തു.
ഗിൽ അധികകാലം ഇന്ത്യൻ ടി20 ടീമിന് പുറത്തിരിക്കുമെന്ന് കരുതുന്നില്ലെന്നും, ടീമിലേക്ക് തിരിച്ചെത്തുമ്പോൾ അദ്ദേഹം ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറ്റെടുത്താലും അത്ഭുതപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതേസമയം, രാജസ്ഥാനെതിരായ മത്സരത്തിൽ 32 പന്തിൽ 58 റൺസ് നേടി ഗില്ലിനൊപ്പം 167 റൺസിന്റെ റെക്കോർഡ് കൂട്ടുകെട്ടുണ്ടാക്കിയ സായ് സുദർശനും റായുഡു പിന്തുണയേകി.
ഈ സീസണിൽ 700 റൺസ് പിന്നിട്ട സുദർശന്റെ ഹിറ്റ്-വിക്കറ്റ് പുറത്താകലിനെക്കുറിച്ച് റായുഡുവിന്റെ പ്രതികരണം: “സുദര്‍ശന്റെ പുറത്താകല്‍ വിചിത്രമായിരുന്നു.
കൃത്യമായി എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാൻ പ്രയാസമാണ്. ചിലപ്പോൾ ഷോട്ട് പൂർത്തിയാക്കുന്ന അവസാന നിമിഷത്തിൽ ബാറ്റിന്റെ ഗ്രിപ്പ് നഷ്ടപ്പെടുന്നത് കൊണ്ടാകാം ഇത് സംഭവിക്കുന്നത്.
നെറ്റ്സിൽ കുറച്ചുകൂടി ശ്രദ്ധിച്ചാൽ പരിഹരിക്കാവുന്ന ഒരു ചെറിയ പ്രശ്നം മാത്രമാണിത്. ബൗളർമാർക്ക് അദ്ദേഹത്തെ ഔട്ടാക്കാൻ സാധിക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം.” രണ്ടാം ക്വാളിഫയറിലെ ഈ വിജയത്തോടെ ഐപിഎൽ 2026 ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ നേരിടാൻ ഒരുങ്ങുകയാണ് ഗുജറാത്ത് ടൈറ്റൻസ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

