ആർജെ ബാലാജി സംവിധാനം ചെയ്ത് സൂര്യ നായകനായി എത്തിയ കറുപ്പ് എന്ന ചലച്ചിത്രം ബോക്സ് ഓഫീസ് കളക്ഷനിൽ വൻ കുതിപ്പാണ് രേഖപ്പെടുത്തുന്നത്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ഇതിനോടകം 200 കോടി രൂപയുടെ വരുമാനം ചിത്രം സ്വന്തമാക്കി കഴിഞ്ഞു.
ചിത്രത്തിന്റെ വിജയത്തിനൊപ്പം തന്നെ ശ്രദ്ധേയമാകുന്നത് ഇതിലെ ഓരോ കഥാപാത്രങ്ങളും അവതരണ മികവും കൂടിയാണ്. പ്രത്യേകിച്ച്, മട്ടാഞ്ചേരി സുകുമാരൻ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ഇന്ദ്രൻസിന്റെ പ്രകടനത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
സിനിമയിലെ ‘എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല’ എന്ന ഇന്ദ്രൻസിന്റെ സംഭാഷണം സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ ചർച്ചയായിരുന്നു. ഈ പ്രകടനത്തെ സൂര്യ അടക്കമുള്ളവർ പ്രശംസിക്കുകയും ചെയ്തിരുന്നു.
സിനിഉലകം എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ, താൻ സിനിമയിൽ പറയുന്നതുപോലെ യഥാർത്ഥ ജീവിതത്തിലും സാങ്കേതികവിദ്യകളോട് അത്ര അടുപ്പമുള്ള ആളല്ലെന്ന് ഇന്ദ്രൻസ് തുറന്നു പറഞ്ഞു. തന്റെ സ്മാർട്ട് ഫോൺ ഉപയോഗത്തെക്കുറിച്ച് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കി: “ഇപ്പോഴും എനിക്ക് ഗൂഗിൾ പേ ചെയ്യാൻ അറിയില്ല.
സത്യമായിട്ടും എനിക്കറിയില്ല. സ്മാർട്ട് ഫോൺ തന്നെ ഞാൻ ഈ അടുത്തയിടെ ആണ് വാങ്ങിയത്.
മമ്മൂട്ടി സാർ ഒരു ദിവസം എന്തോ കാര്യം പറയാനായി എന്നെ വിളിച്ചു. ഞാൻ എന്റെ മകന്റെ നമ്പർ ആണ് എല്ലാവർക്കും കൊടുക്കുന്നത്.
എല്ലാവർക്കും മെസേജ് അയക്കുന്നതുമെല്ലാം അവനാണ്. അപ്പോൾ മമ്മൂട്ടി സാർ അവനോട് എന്റെ കയ്യിൽ ഫോൺ കൊടുക്കാൻ പറഞ്ഞു.
‘എനിക്ക് നിന്നോട് എന്തെങ്കിലും രഹസ്യം പറയണമെങ്കിൽ അവനോട് പറയാൻ പറ്റുമോ ?’. നീ എന്താ ഫോൺ എടുക്കാത്തെ എന്നൊക്കെ അദ്ദേഹം എന്നോട് ചോദിച്ചു.
അങ്ങനെയാണ് ഞാൻ ഫോൺ വാങ്ങിക്കുന്നത്. എന്നാലും എനിക്കിപ്പോഴും അത് നന്നായി ഉപയോഗിക്കാൻ അറിയില്ല.” രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം സൂര്യയും തൃഷയും വീണ്ടും ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയും കറുപ്പിനുണ്ട്.
കഥാപാത്രങ്ങളുടെ രൂപഭംഗിയിലും മേക്കോവറിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് ഇരുവരും ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. യുവ സംഗീത സംവിധായകൻ സായ് അഭ്യാങ്കറാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്.
ഇവർക്ക് പുറമെ നാട്ടി, സ്വാസിക, അനഘ മായ രവി, ശിവദ, സുപ്രീത് റെഡ്ഡി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

