ദില്ലിയിലെ ചരിത്രപ്രധാനമായ ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കിക്കൊണ്ട് കേന്ദ്രസർക്കാർ പുതിയ തീരുമാനം പ്രഖ്യാപിച്ചു. സംസ്കാരിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഇന്ത്യ ബിനാലെയ്ക്കാണ് ഇനി ജന്തർ മന്തർ വേദിയാകുന്നത്.
സി ജെ പി സമര പ്രഖ്യാപനത്തിന് പിന്നാലെ ഈ മാസം 12 നാണ് ദില്ലി പൊലീസ്, ജന്തർ മന്തറിനെ സമരകേന്ദ്രങ്ങളുടെ പട്ടികയിൽ നിന്ന് നീക്കം ചെയ്തത്. വരുന്ന ഡിസംബർ 4 ന് ആരംഭിക്കുന്ന ഇന്ത്യ ബിനാലെയുടെ ഭാഗമായി കുത്തബ് മിനാറടക്കമുള്ള മറ്റ് ചരിത്ര സ്മാരകങ്ങളും വേദികളായി മാറും.
2023 ൽ നടന്ന ഇന്ത്യ ബിനാലെയ്ക്ക് ചെങ്കോട്ടയായിരുന്നു വേദിയായിരുന്നത്. എന്നാൽ ഇത്തവണത്തെ മേളയിൽ ആകെ 20 രാജ്യങ്ങളിൽ നിന്നുള്ള കലാകാരൻമാർ പങ്കെടുക്കുമെന്നാണ് സംഘാടകർ ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്.
പതിറ്റാണ്ടുകളുടെ സമരവേദിക്ക് മാറ്റം രാജ്യ തലസ്ഥാനത്ത് നടന്നുപോകുന്ന ജനകീയ പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പതിറ്റാണ്ടുകളായി പ്രക്ഷോഭങ്ങളുടെ കേന്ദ്രമായിരുന്ന ജന്തർ മന്തറിനെ ഔദ്യോഗിക പ്രതിഷേധ വേദികളുടെ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ഇതിന് പകരമായി ദില്ലിയിൽ രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, ഈസ്റ്റ് ഡൽഹിയിലെ സി ബി ഡി (CBD) ഗ്രൗണ്ട് എന്നീ മൂന്ന് കേന്ദ്രങ്ങളാണ് പ്രതിഷേധങ്ങൾക്കായി ഇപ്പോൾ അനുവദിച്ചിട്ടുള്ളത്.
പ്രതിഷേധങ്ങൾ തടസ്സങ്ങളില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ ബദൽ വേദികൾ കണ്ടെത്തണമെന്ന് സുപ്രീം കോടതി അടുത്തിടെ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ സമിതി നൽകിയ ശുപാർശകൾ കൂടി പരിഗണിച്ചാണ് ദില്ലി പൊലീസ് ഈ മാസം 12 ലെ ഈ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രതിഷേധ വേദികൾ പുനഃക്രമീകരിച്ചുകൊണ്ട് 2022 ഏപ്രിൽ 28 ലെ മുൻ ഉത്തരവാണ് അധികൃതർ ഭാഗികമായി ഭേദഗതി ചെയ്തിരിക്കുന്നത്. പ്രധാന സർക്കാർ കാര്യാലയങ്ങളും പാർലമെന്റും സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നും ഈ സമരവേദി മാറ്റിയത് പ്രതിപക്ഷ പ്രക്ഷോഭങ്ങളെ നിശബ്ദമാക്കാനുള്ള തന്ത്രമാണെന്ന തരത്തിൽ ശക്തമായ വിമർശനങ്ങളും ഇതിനോടകം ഉയർന്നിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

