കാഞ്ഞങ്ങാട് ജില്ലയിൽ കഴിഞ്ഞ ഒരു വർഷത്തിനിടെ നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയത് 5303 പേർ. ജില്ലയിൽ പേ വിഷബാധയേറ്റ ഒരാൾ മരിക്കുകയും ചെയ്തു.
വിവിധ മൃഗങ്ങളുടെ കടിയേറ്റു ജില്ലയിൽ ആകെ 7918 പേരാണ് ചികിത്സ തേടിയത്. പട്ടി, പൂച്ച എന്നിവയിൽ നിന്നാണ് 99% പേർക്കും പേവിഷബാധ ഉണ്ടാകുന്നത്.
ഇതിനുപുറമേ കുരങ്ങ്, അണ്ണാൻ, കുറുക്കൻ, ചെന്നായ എന്നീ മൃഗങ്ങളിൽ നിന്നും പേവിഷബാധയേൽക്കാൻ സാധ്യതയുണ്ട്. വളർത്തു നായ്ക്കളെക്കാൾ തെരുവു നായ്ക്കളുടെ കടിയേറ്റാണ് കൂടുതൽ ആളുകൾ ആശുപത്രികളെ സമീപിച്ചിട്ടുള്ളത്.
നഗര, ഗ്രാമ വ്യത്യാസമില്ലാതെ ജില്ലയിൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. സ്കൂളുകൾ, ആശുപത്രികൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പ്രധാന ജനവാസ കേന്ദ്രങ്ങളിൽ പോലും നായ്ക്കളെ നിയന്ത്രിക്കാൻ അധികൃതർക്ക് സാധിക്കുന്നില്ല.
ജില്ലാ ആശുപത്രിയുടെ അകത്തുനിന്ന് പോലും വ്യക്തിക്ക് നായയുടെ കടിയേറ്റ സംഭവമുണ്ടായിട്ടുണ്ട്. മൃഗങ്ങളുടെ കടിയേറ്റാൽ സ്വീകരിക്കേണ്ട
മുൻകരുതലുകൾ മൃഗങ്ങളുടെ കടിയേറ്റാൽ ഉടൻ തന്നെ മുറിവേറ്റ ഭാഗം ടാപ്പ് വെള്ളത്തിലോ അല്ലെങ്കിൽ വെള്ളം കോരി ഒഴിച്ചോ സോപ്പ് ഉപയോഗിച്ച് 15 മിനിറ്റ് തുടർച്ചയായി നന്നായി കഴുകണം. അതിനുശേഷം തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ എത്തി ചികിത്സ തേടേണ്ടതാണ്.
മുറിവിന്റെ ഗൗരവം അനുസരിച്ചാണ് വാക്സീനുകൾ നൽകുന്നത്. തൊലിപ്പുറത്തുള്ള മാന്തൽ, രക്തം വരാത്ത ചെറിയ പോറലുകൾ എന്നിവയ്ക്ക് സാധാരണയായി ഐഡിആർവി വാക്സീൻ ആണ് നൽകുന്നത്.
ഈ വാക്സീൻ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, കുടുംബാരോഗ്യ കേന്ദ്രങ്ങൾ ഉൾപ്പെടെ ജില്ലയിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ലഭ്യമാണ്. എന്നാൽ ശരീരത്തിലെ ആഴത്തിലുള്ള മുറിവുകളിൽ നക്കൽ, ചുണ്ടിലോ വായയിലോ ഉള്ള നക്കൽ, വന്യമൃഗങ്ങളുടെ കടി എന്നിവയേറ്റാൽ ആന്റി റാബിസ് ഇമ്യൂണോ ഗ്ലോബുലിൻ ആണ് നൽകേണ്ടത്.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, കാസർകോട് ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ ഈ വാക്സീൻ ലഭ്യമാണ്. മുറിവ് പരിശോധിച്ച ശേഷം ഏതു വാക്സീൻ നൽകണമെന്ന് ഡോക്ടർ തീരുമാനിക്കും.
മൃഗങ്ങളുമായി ഇടപെടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മൃഗങ്ങളുമായി ഇടപെട്ടു കഴിഞ്ഞാൽ ഉടൻ തന്നെ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.
വളർത്തുമൃഗങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ പ്രതിരോധ കുത്തിവയ്പുകൾ എടുക്കണം. മുഖത്തോട് മുഖം ചേർത്തു മൃഗങ്ങളെ ഓമനിക്കുന്നത് ഒഴിവാക്കുക.
മുഖത്തോ ചുണ്ടിലോ നക്കാൻ അവയെ ഒരിക്കലും അനുവദിക്കരുത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

