കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച 12.800 കിലോഗ്രാം ലഹരിമരുന്നുമായി മൂന്ന് പേരെ പൊലീസ് പിടികൂടി. കേരളത്തിനകത്തും പുറത്തും വിപുലമായ ശൃംഖലയുള്ള ലഹരിവിൽപന സംഘത്തിലെ പ്രധാനികളാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.
മലപ്പുറം പന്തല്ലൂർ സ്വദേശി മാമ്പ്രവളപ്പിൽ ജാബിർ അലി (32), വയനാട് മേപ്പടി സ്വദേശി കരിമ്പയിൽ മുഹമ്മദ് സാലിഹ് (34), മലപ്പുറം ആനക്കയം സ്വദേശി ഷെയിം അക്ബർ (21) എന്നിവരെയാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കോയമ്പത്തൂരിൽ വെച്ച് പിടികൂടിയത്. സംസ്ഥാന പോലീസ് നടത്തിയ ഏറ്റവും വലിയ ലഹരിവേട്ടയാണിത്.
കുറച്ചു ആഴ്ചകൾക്ക് മുൻപ് മഞ്ചേരി ടൗണിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം നടത്തിയ പരിശോധനയിൽ 100 ഗ്രാമോളം എംഡിഎംഎയുമായി ആറുപേരടങ്ങുന്ന ലഹരിവിൽപന സംഘത്തെ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് കേരളത്തിനകത്തും പുറത്തും വേരുകളുള്ള ലഹരിക്കടത്ത് സംഘത്തിലെ മറ്റു ചിലരെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ലഭ്യമായത്.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ കേരളവും തമിഴ്നാടും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്നതാണ് ഈ സംഘത്തിന്റെ രീതിയെന്ന് വ്യക്തമായി. ആഡംബര വാഹനങ്ങളിൽ പ്രത്യേക രഹസ്യ അറകൾ നിർമ്മിച്ച് അതിനുള്ളിൽ ഒളിപ്പിച്ചാണ് ഇവർ ലഹരി കടത്താറുള്ളത്.
ഈ സംഘത്തിന്റെ പ്രധാന ഇടത്താവളം തമിഴ്നാട്ടിലെ കോയമ്പത്തൂർ, പഴനി, കൊടൈക്കനാൽ എന്നിവിടങ്ങളിലാണെന്നും, തിരക്കേറിയ ഇത്തരം ടൗണുകൾ കേന്ദ്രീകരിച്ചാണ് ഇടപാടുകൾ നടക്കുന്നതെന്നും പൊലീസ് കണ്ടെത്തി. ഈ സ്ഥലങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ നിരീക്ഷണത്തിനൊടുവിലാണ് കോയമ്പത്തൂർ ടൗണിന് സമീപത്തുനിന്ന് പ്രതികളെ കുടുക്കിയത്.
പ്രതികൾ സഞ്ചരിച്ചിരുന്ന കാറിന്റെ ഡോർ പാഡുകൾക്കുള്ളിൽ രഹസ്യമായി ഒളിപ്പിച്ച നിലയിലായിരുന്നു എംഡിഎംഎ സൂക്ഷിച്ചിരുന്നത്. 100 ഗ്രാം മുതൽ 500 ഗ്രാം വരെ വീതം അളവിലുള്ള കവറുകളിലാക്കിയാണ് ലഹരിമരുന്ന് കാറിനുള്ളിൽ കടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

