കൊച്ചി നഗരത്തിൽ ഫുട്ബോൾ ആവേശമുണർത്തി ബ്രസീൽ ഇതിഹാസ താരം റൊണാൾഡീഞ്ഞോ എത്തിച്ചേർന്നു. വെള്ളയിൽ കറുത്ത ചിത്രപ്പണികൾ തീർത്ത അയഞ്ഞ കുപ്പായവും ബെർമുഡയും കറുത്ത തൊപ്പിയും സൺഗ്ലാസും ധരിച്ച് തികച്ചും കാഷ്വൽ ലുക്കിലാണ് താരം കൊച്ചി വിമാനത്താവളത്തിൽ കാൽപാദം പതിപ്പിച്ചത്.
യാത്രാക്ഷീണവും ആരോഗ്യ വിഭാഗത്തിന്റെ പരിശോധനകളും കാരണം തുടക്കത്തിൽ അൽപം ഗൗരവത്തിലായിരുന്നെങ്കിലും, ആരാധകരുടെ സ്നേഹപ്രകടനങ്ങൾക്ക് മുന്നിൽ താരം ചിരിച്ചുനൽകി. ‘റൊണാൾഡീഞ്ഞോ…’ എന്ന ആർപ്പുവിളികളുമായി എത്തിയ ആരാധകരെ താരം കൈവീശി അഭിവാദ്യം ചെയ്തു.
താരത്തെ നേരിൽ കാണാനും ഒരു സെൽഫി പകർത്താനും ആരാധകർ വലിയ തോതിൽ തിങ്ങിക്കൂടിയിരുന്നെങ്കിലും സുരക്ഷാ കാരണങ്ങളാൽ അതിന് സാധിച്ചില്ല. തുടർന്ന് ആരാധകരുടെ ആരവങ്ങൾക്കിടയിലൂടെ അദ്ദേഹം വാഹനത്തിലേക്ക് കയറി പോവുകയായിരുന്നു.
ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർ ടീമുകളുടെ മത്സരത്തിൽ പങ്കെടുക്കുന്നതിനായാണ് താരം കേരളത്തിലെത്തിയത്. ഇന്നലെ രാവിലെ 9.55 ന് എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ ദുബായ് വഴിയാണ് റൊണാൾഡീഞ്ഞോ ഉൾപ്പെടെയുള്ള ആറംഗ സംഘം നെടുമ്പാശ്ശേരിയിൽ എത്തിയത്.
യഥാർത്ഥ സമയമായ രാവിലെ 8.50 ൽ എത്തേണ്ടിയിരുന്ന വിമാനം ഒ മണിക്കൂറിലധികം വൈകിയാണ് ലാൻഡ് ചെയ്തത്. വിമാനത്താവളത്തിൽ എത്തിയ താരത്തെ മത്സരത്തിന്റെ സെലിബ്രിറ്റി അംബാസഡറായ ബോബി ചെമ്മണൂർ (ബോചെ) പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
തുടർന്ന് ബോബി ചെമ്മണൂരിന്റെ വാഹനത്തിലാണ് താരത്തെ കൊച്ചിയിലെ നോട്ടീസ് ഹോട്ടലിലേക്ക് കൊണ്ടുപോയത്. അതേസമയം, സംഘത്തിലെ രണ്ടുപേരുടെ പക്കൽ യെലോ ഫീവറിനുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതിരുന്നതുമൂലം വിമാനത്താവളത്തിൽ നിന്ന് പുറത്തിറങ്ങാൻ അൽപം കാലതാമസമെടുത്തിരുന്നു.
യെലോ ഫീവർ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ വിമാനത്താവളത്തിലെ ആരോഗ്യ വിഭാഗം പുറത്തിറങ്ങാൻ അനുവദിച്ചിരുന്നില്ല. ഒടുവിൽ സംഘം ഓൺലൈനായി സർട്ടിഫിക്കറ്റ് സമർപ്പിച്ച ശേഷമാണ് പുറത്തേക്ക് പോകാൻ അനുമതി ലഭിച്ചത്.
അവസാന അംഗവും ടെർമിനലിന് പുറത്തേക്ക് എത്തിയപ്പോഴേക്കും സമയം 11.30 കഴിഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

