മേപ്പാടിയിലെ ടൗണിൽ കഴിഞ്ഞ പത്ത് വർഷമായി ബേക്കറി ജീവനക്കാരനായി ജോലി ചെയ്യുന്ന നേപ്പാൾ സ്വദേശി ഹേമന്ത്, തന്റെ മാതൃരാജ്യത്തെ കണ്ണീരിലാഴ്ത്തിയ മിന്നൽ പ്രളയത്തിന്റെ നടുക്കത്തിലാണ്. കാഠ്മണ്ഡു കീർത്തിപൂർ സ്വദേശിയായ ഹേമന്ത് ദുരന്തത്തിന്റെ അനുഭവങ്ങൾ മാധ്യമങ്ങളോട് പങ്കുവെച്ചു.
‘ഒറ്റ നിമിഷം കൊണ്ടാണു എല്ലാം തകർന്നത്. 20 സുഹൃത്തുക്കളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.
ഒരു സുഹൃത്ത് ഗുരുതര പരുക്കേറ്റ് ചികിത്സയിലാണ്’– ഹേമന്ത് പറഞ്ഞു. കീർത്തിപൂരിൽ നിന്നും മൂന്ന് ജില്ലകൾക്കപ്പുറമാണ് മിന്നൽ പ്രളയത്തിന്റെ പ്രഭവകേന്ദ്രമായ റസുവ സ്ഥിതി ചെയ്യുന്നത്.
നാട്ടിൽ നിന്നും ജോലിക്കായി പോയവരാണ് അപകടത്തിൽ പെട്ട ഇരുപത് സുഹൃത്തുക്കളും.
‘നാട്ടിലുള്ള 20 സുഹൃത്തുക്കളും അവിടെ ജോലിക്കായി പോയതാണ്. ഹിമാലയത്തിൽ എപ്പോഴും മഞ്ഞ് ഇടിഞ്ഞു വീണ് അപകടം സംഭവിക്കാറുണ്ട്.
പക്ഷേ ഇത്രയും രൂക്ഷമായ അപകടവും അതു കാരണമുണ്ടായ മിന്നൽ പ്രളയവും ആദ്യമാണ്’– ഹേമന്ത് കൂട്ടിച്ചേർത്തു. കഴിഞ്ഞ ദീപാവലിയോട് അനുബന്ധിച്ചാണു ഹേമന്ത് അവസാനമായി സ്വന്തം നാട്ടിലേക്ക് യാത്ര തിരിച്ചത്.
അന്ന് കാണാതായ സുഹൃത്തുക്കളെയും അവരുടെ മാതാപിതാക്കളെയും നേരിൽ കണ്ട് സംസാരിച്ച ശേഷമാണ് അദ്ദേഹം കേരളത്തിലേക്ക് മടങ്ങി എത്തിയത്. എങ്കിലും, ഹേമന്തിന്റെ അമ്മയും ഭാര്യയും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എല്ലാവരും സുരക്ഷിതരാണെന്ന ആശ്വാസത്തിലാണ് അദ്ദേഹം ഉള്ളത്.
‘ഇന്നലെ ഉച്ചയോടെ വീണ്ടും മഞ്ഞുമല ഇടിഞ്ഞതായി കേൾക്കുന്നുണ്ട്. കുടുംബാംഗങ്ങൾക്കും അവിടെയുള്ള സുഹൃത്തുക്കൾക്കും ഒന്നും സംഭവിക്കരുതെന്നാണു പ്രാർഥന’ എന്ന് അദ്ദേഹം ആശങ്കയോടെ വ്യക്തമാക്കി.
തന്റെ 28–ാം വയസ്സിലാണ് ഹേമന്ത് ഉപജീവനത്തിനായി കേരളത്തിലേക്ക് എത്തിയത്. എങ്കിലും തന്റെ നാട് ഈ വലിയ പ്രകൃതിദുരന്തത്തെയും അതിജീവിക്കുമെന്ന അടിയുറച്ച പ്രതീക്ഷയിലാണ് ഈ യുവാവ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

