ആലപ്പുഴയിൽ നടന്നുകൊണ്ടിരിക്കുന്ന കേരള കർഷകസംഘം സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷമായ വിമർശനങ്ങൾ ഉയർന്നുവന്നു. പിണറായി സർക്കാർ കർഷകരെ പൂർണ്ണമായും അവഗണിച്ചുവെന്നും സംഘടന ഭരണാധികാരികളുടെ താല്പര്യങ്ങൾ സംരക്ഷിക്കുന്ന ഒന്നായി മാറിയെന്നുമാണ് ഗ്രൂപ്പ് ചർച്ചകളിൽ പ്രതിനിധികൾ തുറന്നടിച്ചത്.
കഴിഞ്ഞ പത്തുവർഷക്കാലത്തെ ഭരണത്തിനിടയിൽ നെൽകർഷകരെ സഹായിക്കുന്നതിന് യാതൊരുവിധ നടപടികളും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്ന് വിമർശനമുയർന്നു. ആലപ്പുഴ ജില്ലയിൽ കൃഷിയിടങ്ങളിലേക്ക് ഉപ്പുവെള്ളം കയറി കൃഷി നശിക്കുന്ന സാഹചര്യം നിലനിൽക്കുമ്പോൾ, കർഷകർ നിരന്തരം ആവശ്യപ്പെട്ടിട്ടും സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു ഇടപെടലുണ്ടായില്ല.
കേന്ദ്ര സർക്കാർ നെല്ലിന്റെ താങ്ങുവില ഉയർത്തിയപ്പോൾ കേരളം താങ്ങുവില താഴ്ത്തുകയാണ് ചെയ്തത്. കർഷകരെ തഴഞ്ഞ ഭരണാധികാരികളെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനങ്ങൾ കൈവിട്ടുവെന്നും ചർച്ചയിൽ അഭിപ്രായമുയർന്നു.
സർക്കാർ വലിയ പദ്ധതികളുടെ പിന്നാലെ മാത്രം പോവുകയും അടിസ്ഥാന വിഭാഗങ്ങളെയും സാധാരണക്കാരെയും പൂർണ്ണമായി മറക്കുകയും ചെയ്തു. ഈ നയങ്ങളാണ് തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിക്ക് കാരണമായതെന്നും, ഇനിയെങ്കിലും ഭരണനേതൃത്വം ഇതിൽ നിന്നും പാഠം ഉൾക്കൊള്ളണമെന്നും പ്രതിനിധികൾ ആവശ്യപ്പെട്ടു.
വെള്ളിയാഴ്ച ആരംഭിച്ച കേരള കർഷകസംഘം സംസ്ഥാന സമ്മേളനം ഞായറാഴ്ച സമാപിക്കും. പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിന് ശേഷം അരലക്ഷത്തോളം പ്രവർത്തകർ അണിനിരക്കുന്ന ബൃഹത്തായ റാലിയും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.
വി എസ് അച്യുതാനന്ദൻ നഗറിൽ വെച്ച് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

