ഡൽഹിയിലെ വോട്ടർ പട്ടികയിൽ വ്യാപകമായ പൊരുത്തക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടി ശക്തമാക്കി. ഇതിന്റെ ഭാഗമായി നോട്ടിസ് ലഭിച്ച വോട്ടർമാരുടെ പട്ടികയിൽ നിരവധി പ്രമുഖ വ്യക്തികളും ഉൾപ്പെട്ടിട്ടുണ്ട്.
ഡൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത, മുൻ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ, ഭാര്യ സുനിത കെജ്രിവാൾ, മുതിർന്ന അഭിഭാഷകനും എംപിയുമായ കപിൽ സിബൽ എന്നിവർക്കാണ് പ്രധാനമായും നോട്ടിസ് ലഭിച്ചിരിക്കുന്നത്. ഡൽഹിയിൽ മാത്രം 33 ലക്ഷത്തിലധികം പേർക്കാണ് വോട്ടർ പട്ടികയിലെ വിവിധ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നോട്ടിസ് അയച്ചിട്ടുള്ളത്.
കഴിഞ്ഞ മാസം കമ്മിഷൻ ഔദ്യോഗികമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് രാജ്യതലസ്ഥാനത്ത് ഇപ്പോൾ ഇത്തരത്തിലുള്ള നടപടികൾ പുരോഗമിക്കുന്നത്.
വോട്ടറുടെ പേര്, മാതാപിതാക്കളുടെ പേര്, പ്രായത്തിലുള്ള വ്യത്യാസങ്ങൾ തുടങ്ങി പത്തോളം പ്രധാന വിഷയങ്ങളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചാണ് വോട്ടർമാർക്ക് കമ്മിഷൻ നോട്ടിസ് അയച്ചിട്ടുള്ളത്. കൂടാതെ, ഡൽഹിയിലെ സമഗ്ര വോട്ടർപട്ടിക പരിഷ്കരണത്തിന് (എസ്ഐആർ) ശേഷം പ്രസിദ്ധീകരിച്ച കരട് പട്ടികയിലെ പേരിൽ ആശയക്കുഴപ്പമുണ്ടെന്ന് ചൂണ്ടിക്കാട്ടി സിപിഐ നേതാവ് ആനി രാജയ്ക്കും ഡൽഹി മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ നോട്ടിസ് നൽകിയിട്ടുണ്ട്.
2002 ലെ വോട്ടർ പട്ടികയിലെ പേരും നിലവിലുള്ള പട്ടികയിലെ പേരും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ടെന്നാണ് ഈ നോട്ടിസിൽ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

