രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കുന്ന വിദ്യാർത്ഥികളെ സർക്കാരിന് ഭയമാണെന്നും അതുകൊണ്ടാണ് അവരെ നോട്ടപ്പുള്ളികളാക്കുന്നതെന്നും ഇൻഡോറിൽ നടന്ന ‘ഛാത്രോം കി ഗൂഞ്ച്’ പരിപാടിയിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി. കോട്ട, ഡെറാഡൂൺ, പ്രയാഗ്രാജ്, പുണെ എന്നിവിടങ്ങളിലെ പരിപാടികൾക്ക് ശേഷം അഞ്ചാമത് ഛാത്രോം കി ഗൂഞ്ച് സമ്മേളനമാണ് മധ്യപ്രദേശിലെ ഇൻഡോറിൽ സംഘടിപ്പിച്ചത്.
മധ്യപ്രദേശിൽ അധ്യാപക ജോലിക്കായി ഉദ്യോഗാർഥികൾ നടത്തുന്ന സമരത്തിൽ നേരിട്ട് പങ്കെടുക്കുമെന്നും ഈ അവസരത്തിൽ പ്രഖ്യാപിച്ചു. അമിത് ഷായുടെ മകൻ എങ്ങനെയാണ് ക്രിക്കറ്റ് അസോസിയേഷൻ ചെയർമാനായത് എന്ന് ഒരു വിദ്യാർത്ഥി സ്വാഭാവികമായും ചോദിക്കും.
രാജ്യത്തെ ബിസിനസ് രംഗം ഏതാനും വ്യക്തികൾ മാത്രം നിയന്ത്രിക്കുന്നത് എന്തുുകൊണ്ടാണെന്ന സംശയവും അവർ ഉന്നയിക്കും. കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും തങ്ങളുടെ ചുമതല കൃത്യമായി നിർവഹിക്കുന്നുണ്ടോ എന്ന ചോദ്യം സർക്കാരിനെ അസ്വസ്ഥമാക്കുന്ന ഒന്നാണ്.
എന്നാൽ അത്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന വിദ്യാർത്ഥികൾക്ക് പകരം അന്ധ ഭക്തരെയാണ് സർക്കാർ ആഗ്രഹിക്കുന്നത് എന്നും രാഹുൽ വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പുറമേ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്, വ്യവസായികളായ ഗൗതം അദാനി, മുകേഷ് അംബാനി തുടങ്ങിയ പ്രമുഖരുടെയും പേരുകൾ അദ്ദേഹം പരാമർശിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹാസച്ചുവയോടെ അനുകരിക്കുന്ന ‘ഹണി ഹൂ ഈസ് ഫണ്ണി’ എന്ന വീഡിയോയുടെ സ്രഷ്ടാവും ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു. വിദേശ നേതാക്കളെ മോദി ആലിംഗനം ചെയ്യുന്ന രീതിയെ ഓർമ്മിപ്പിക്കും വിധം രാഹുലിനെ ആലിംഗനം ചെയ്തുകൊണ്ടുള്ള അദ്ദേഹത്തിന്റെ അനുകരണം സദസ്സിൽ വലിയ ചിരി പടർത്തി.
അതേസമയം, പരിപാടിക്കിടെ രാഹുലിന്റെ വ്യക്തിഗത സുരക്ഷാ ചുമതലയുള്ള കെ.ബി. ബൈജുവിനെ സുരക്ഷാ ഉദ്യോഗസ്ഥരുമായുണ്ടായ തർക്കത്തെ തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്തെങ്കിലും പിന്നീട് വിട്ടയച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

