2024-ൽ എൽഡിഎഫ് സർക്കാർ ഏറെ കൊട്ടിഘോഷിച്ച് സംഘടിപ്പിച്ച രാജ്യാന്തര സ്പോർട്സ് സമ്മിറ്റ് കേരള (ഐഎസ്എസ്കെ) വലിയൊരു വാഗ്ദാന തട്ടിപ്പായി മാറുന്നു. സംസ്ഥാനത്തെ കായിക മേഖലയിൽ 4500 കോടി രൂപയുടെ നിക്ഷേപം ഉറപ്പാക്കിയെന്ന് അന്നത്തെ കായികമന്ത്രി വി.അബ്ദുറഹിമാൻ പ്രഖ്യാപിച്ചപ്പോൾ, ഔദ്യോഗിക രേഖകളിൽ ഇത് 5025 കോടി രൂപയുടെ നിക്ഷേപവാഗ്ദാനമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
എന്നാൽ, ഈ കണക്കുകളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഉച്ചകോടിയിൽ പങ്കെടുത്ത വിവിധ സ്ഥാപനങ്ങൾ വെളിപ്പെടുത്തുന്നു. നിക്ഷേപങ്ങൾക്ക് പിന്നിലെ പൊള്ളത്തരം സ്പോൺസർഷിപ്പ് തേടി ഉച്ചകോടിയിലെത്തിയ വിവിധ അക്കാദമികളുടെ പദ്ധതികളെ നിക്ഷേപമായി ചിത്രീകരിച്ചാണ് സർക്കാർ കണക്കുകൾ പെരുപ്പിച്ചു കാണിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.
രണ്ടര വർഷം പിന്നിടുമ്പോഴും പ്രഖ്യാപിക്കപ്പെട്ട ഒരു പദ്ധതി പോലും യാഥാർഥ്യമായിട്ടില്ല.
കൊച്ചി ആസ്ഥാനമായ ലോഡ്സ് ഫുട്ബോൾ അക്കാദമി തങ്ങളുടെ സ്പോർട്സ് സിറ്റി പദ്ധതിയുമായാണ് എത്തിയത്. ഒരു രൂപയുടെ നിക്ഷേപം പോലും ലഭിക്കാത്ത ഇവർക്ക് 650 കോടി രൂപയുടെ നിക്ഷേപം ഉറപ്പായെന്നാണ് സർക്കാർ രേഖകൾ പറയുന്നത്.
സമാനമായ രീതിയിൽ, ഓൾ കേരള ഇ സ്പോർട്സ് ഫെഡറേഷൻ പ്രൈവറ്റ് ലിമിറ്റഡ് വഴി 250 കോടി രൂപയുടെ നിക്ഷേപം ലഭിച്ചെന്ന് കായികവകുപ്പ് അവകാശപ്പെടുന്നുണ്ടെങ്കിലും, അത്തരത്തിൽ യാതൊരു വാഗ്ദാനവും ലഭിച്ചിട്ടില്ലെന്ന് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പേരിൽ 1200 കോടിയും കേരള ഫുട്ബോൾ അസോസിയേഷൻ വഴി 800 കോടിയും ലഭിക്കുമെന്ന അവകാശവാദവും വിമർശനങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.
ഇവർ മുൻപേ നടപ്പാക്കി വരുന്ന പദ്ധതികളെ ഉച്ചകോടിയുടെ ഭാഗമാക്കി അവതരിപ്പിക്കുകയായിരുന്നുവെന്നാണ് ഉയരുന്ന ആരോപണം. താരങ്ങളെയും കബളിപ്പിച്ചു ഉച്ചകോടിയിൽ പങ്കെടുത്ത് നിരാശരായവരിൽ പ്രമുഖ കായിക താരങ്ങളും ഉൾപ്പെടുന്നു.
ഫുട്ബോൾ കോംപ്ലക്സിനായി സാമ്പത്തിക പിന്തുണ തേടിയെത്തിയ മുൻ ഇന്ത്യൻ ഫുട്ബോൾ താരം സി.കെ.വിനീത്, ബാസ്കറ്റ്ബോൾ അക്കാദമിക്ക് സഹായം തേടിയെത്തിയ അർജുന അവാർഡ് ജേതാവ് ഗീതു അന്ന ജോസ് എന്നിവരുടെ പ്രോജക്റ്റുകൾക്ക് 300 കോടി വീതം നിക്ഷേപവാഗ്ദാനം ലഭിച്ചതായി സർക്കാർ രേഖകൾ അവകാശപ്പെടുന്നു. എന്നാൽ, ഇങ്ങനെയൊരു വാഗ്ദാനവും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഇരുവരും വ്യക്തമാക്കിയിട്ടുണ്ട്.
നടപടിയില്ലാത്ത സർക്കാർ വാഗ്ദാനങ്ങൾ ഉച്ചകോടിയിൽ പ്രഖ്യാപിച്ച പദ്ധതികൾക്ക് 100 ദിവസത്തിനകം അനുമതി നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരുന്നെങ്കിലും അതും പാലിക്കപ്പെട്ടില്ല. ഹൈദരാബാദ് ആസ്ഥാനമായ നോ സ്കോപ് ഗെയിമിങ് കമ്പനിയുടെ പ്രതിനിധികളിൽ നിന്ന് 350 കോടി രൂപയുടെ ഡമ്മി ചെക്ക് അന്നത്തെ മുഖ്യമന്ത്രി ഏറ്റുവാങ്ങുന്ന ചിത്രം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടെങ്കിലും, തുടർനടപടികൾ എങ്ങുമെത്തിയില്ല.
കോഴിക്കോട്ടും തിരുവനന്തപുരത്തും സ്റ്റേഡിയം നിർമിക്കാനെത്തിയ കമ്പനിക്കും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. മാന്നാനം സെന്റ് എഫ്രേംസ് അക്കാദമിക്ക് 37 കോടി രൂപയുടെ നിക്ഷേപവാഗ്ദാനം ലഭിച്ചെന്ന സർക്കാർ വാദത്തെ അക്കാദമി ഡയറക്ടർ ഫാ.ആന്റണി കാഞ്ഞിരത്തിങ്കൽ തള്ളിക്കളഞ്ഞു.
“സ്പോർട്സ് അക്കാദമിയുടെ നടത്തിപ്പിന് സ്പോൺസറെ തേടിയാണ് ഉച്ചകോടിയിൽ പങ്കെടുത്തത്. പ്രോജക്ട് അവതരിപ്പിക്കാൻ അവസരം ലഭിച്ചില്ല.
സ്പോൺസർഷിപ് ലഭിച്ചിട്ടുമില്ല. എന്നിട്ടും ഞങ്ങൾക്ക് നിക്ഷേപം ലഭിച്ചതായി രേഖകളിലുണ്ട്.
അത് എങ്ങനെയെന്ന് അറിയില്ല” – അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

