കോഴിക്കോട് നഗരത്തിൽ അതിഥി തൊഴിലാളിയെ ആക്രമിച്ച് മൊബൈൽ ഫോണും പണവും കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കൊടുവള്ളി പാലക്കുറ്റി സ്വദേശി നിസാമുദ്ദീൻ (28) ആണ് കോഴിക്കോട് കസബ പൊലീസിന്റെ പിടിയിലായത്.
സംഭവം നടന്നത് കഴിഞ്ഞ മെയ് 18-ാം തീയതി രാത്രിയിലാണ്. താമരശ്ശേരി അടിവാരത്ത് ബാർബർ ഷോപ്പ് നടത്തിവരികയായിരുന്ന ഒഡീഷ സ്വദേശി, സാധനങ്ങൾ വാങ്ങി തിരികെ പോകാൻ പാളയം ബസ് സ്റ്റാന്റിന് സമീപമുള്ള മിൽമ ബൂത്തിന് അടുത്തു നിൽക്കുകയായിരുന്നു.
ഈ സമയത്ത് അവിടേക്ക് എത്തിയ പ്രതി, യുവാവിന്റെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തുകയും മൊബൈൽ ഫോൺ കൈക്കലാക്കുകയും ചെയ്തു. തുടർന്ന്, ഭയന്നുപോയ യുവാവിന്റെ ഗൂഗിൾ പേ അക്കൗണ്ട് ഉപയോഗിച്ച് 37,300 രൂപ പ്രതിയുടെ അക്കൗണ്ടിലേക്ക് മാറ്റിയ ശേഷം സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നു.
ആക്രമണത്തെത്തുടർന്ന് മാനസികമായി തകർന്ന അതിഥി തൊഴിലാളി ആദ്യം അടിവാരത്തെ താമസസ്ഥലത്തേക്കും പിന്നീട് നാട്ടിലേക്കും മടങ്ങുകയാണുണ്ടായത്. ശേഷം നാട്ടിൽ നിന്നുകൊണ്ട് കസബ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ, സംഭവസ്ഥലത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും പണം കൈമാറ്റം നടന്ന അക്കൗണ്ട് വിവരങ്ങൾ വിശകലനം ചെയ്തുമാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. പത്താം മൈലിലെ വീട്ടിൽ ഒളിവിലായിരുന്ന പ്രതിയെ പിടികൂടാൻ പോലീസ് എത്തിയപ്പോൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും, കസബ പോലീസ് സംഘം പിന്തുടർന്ന് പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

