ഗൂഗിൾ ക്രോം ബ്രൗസറിലെ പിഡിഎഫ് റീഡർ സംവിധാനത്തിൽ നിർണായകമായ പുതിയ മാറ്റങ്ങൾ വരുന്നു. പിഡിഎഫ് ഫയലുകൾ കൂടുതൽ കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതിനായി ഗൂഗിൾ ഇതിനകം തന്നെ നിരവധി നവീകരണങ്ങൾ കൊണ്ടുവന്നിരുന്നു.
ഇതിന്റെ തുടർച്ചയായി, പിഡിഎഫ് ഉള്ളടക്കങ്ങൾ ചുരുക്കരൂപത്തിൽ ലഭ്യമാക്കുന്നതിനായി എഐ (AI) അധിഷ്ഠിത സംഗ്രഹ സംവിധാനം പരീക്ഷിക്കുകയാണ് കമ്പനി. ഫെബ്രുവരി മാസം പിഡിഎഫ് റീഡറിൽ അനോട്ടേഷൻ സൗകര്യങ്ങൾ ലഭ്യമാക്കിയിരുന്നു.
ഇതിലൂടെ ഉപയോക്താക്കൾക്ക് പിഡിഎഫ് രേഖകളിലെ പ്രധാന ഭാഗങ്ങൾ ഹൈലൈറ്റ് ചെയ്യാനും കുറിപ്പുകൾ ചേർക്കാനും സാധിച്ചിരുന്നു. നിലവിൽ ക്രോം ബീറ്റ ചാനലിൽ ലഭ്യമാക്കിയ പുതിയ ഫീച്ചർ, ജമിനി (Gemini) എഐ പാനലിന്റെ സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്.
പിഡിഎഫ് റീഡറിന്റെ ടൂൾബാറിൽ പുതുതായി ഉൾപ്പെടുത്തുന്ന ‘സമറൈസ് വിത്ത് ജമിനി’ (Summarize with Gemini) എന്ന ബട്ടൺ വഴി ഉപയോക്താക്കൾക്ക് ഈ സേവനം ഉപയോഗിക്കാം. ഇത് ക്ലിക്ക് ചെയ്യുമ്പോൾ പിഡിഎഫിലെ ഉള്ളടക്കത്തിന്റെ സംഗ്രഹം ജമിനിയുടെ സൈഡ് പാനലിൽ പ്രത്യക്ഷപ്പെടും.
കൂടാതെ, സംഗ്രഹവുമായി ബന്ധപ്പെട്ട കൂടുതൽ ചോദ്യങ്ങൾ ചോദിക്കാനും ഇവിടെ സൗകര്യമുണ്ടാകും.
ഈ സൗകര്യം നിലവിൽ ക്രോം ബീറ്റ പതിപ്പിൽ മാത്രമാണ് പരീക്ഷിക്കുന്നത്. എല്ലാ ഉപയോക്താക്കൾക്കും എന്നുമുതൽ ഈ സേവനം ലഭ്യമാകുമെന്ന കാര്യത്തിൽ ഗൂഗിൾ ഔദ്യോഗികമായി അറിയിപ്പുകളൊന്നും നൽകിയിട്ടില്ല.
സാങ്കേതികമായി അറിവുള്ള ഉപയോക്താക്കൾക്ക് ജമിനി പാനൽ നേരിട്ട് ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, സാധാരണക്കാർക്ക് എളുപ്പത്തിൽ പിഡിഎഫ് വായിച്ചു മനസ്സിലാക്കാൻ ഈ പുതിയ ഫീച്ചർ സഹായകമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

