കോഴിക്കോട് നഗരത്തിലെ പാളയം ചിന്താവളപ്പിൽ സ്വകാര്യ നൈറ്റ് സർവീസ് ബസ് ജീവനക്കാരുടെ മർദനത്തിൽ വയോധികന് ഗുരുതര പരുക്ക്. ബംഗളൂരുവിലേക്ക് യാത്ര തിരിക്കുന്ന മകളെയും മറ്റൊരു മകളെയും യാത്രയയക്കാൻ എത്തിയ കൂട്ടത്തായി സ്വദേശി സത്യപാലൻ (67) ആണ് മർദനത്തിന് ഇരയായത്.
ഇന്നലെ രാത്രി 9.50-ന് ആയിരുന്നു സംഭവം. സംഭവം ഇങ്ങനെ:
യാത്രക്കാരുടെ ബാഗുകളും അനുബന്ധ സാധനങ്ങളും ബസ്സിലേക്ക് കയറ്റുന്നതുമായി ബന്ധപ്പെട്ട് ബസ് ബുക്കിങ് കേന്ദ്രത്തിലെ ജീവനക്കാരും കുടുംബവും തമ്മിൽ തർക്കമുണ്ടായി.
ഇതിനിടെ ബസ് ജീവനക്കാർ വയോധികനെ മക്കളുടെ മുന്നിലിട്ട് ക്രൂരമായി മർദിക്കുകയും റോഡിലേക്ക് തള്ളിയിടുകയും ചെയ്തു. കൂടാതെ പെൺകുട്ടികളോട് അസഭ്യം പറയുകയും ചെയ്തതായി ആരോപണമുണ്ട്.
പരുക്കേറ്റു ചോരവാർന്ന നിലയിലായ സത്യപാലനെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചെങ്കിലും അക്രമികൾ വീണ്ടും മർദിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ സമീപത്തെ മറ്റു ബസ് ബുക്കിങ് സെന്ററുകളിലെ ജീവനക്കാരും നാട്ടുകാരും സ്ഥലത്തെത്തി.
തുടർച്ചയായി മർദനം തുടർന്ന ജീവനക്കാരെ നാട്ടുകാർ തടഞ്ഞുവെച്ച് കൈകാര്യം ചെയ്യുകയും പിന്നീട് പൊലീസിന് കൈമാറുകയും ചെയ്തു. വിവരമറിഞ്ഞ് കസബ പൊലീസ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.
പരുക്കേറ്റ സത്യപാലനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ ബസ് സർവീസുകാർ മുൻപും യാത്രക്കാരെ മർദിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് സഹപ്രവർത്തകർ പൊലീസിനോട് വെളിപ്പെടുത്തി.
പ്രതികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് പൊലീസ് ഉറപ്പുനൽകിയതിനെ തുടർന്ന് പ്രദേശത്തുണ്ടായിരുന്ന സംഘർഷാവസ്ഥ അയഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

