അരൂർ-തുറവൂർ ഉയരപ്പാത നിർമാണത്തിന്റെ ഭാഗമായി സജ്ജീകരിച്ച കാനയും റോഡും തമ്മിലുള്ള ഉയരവ്യത്യാസം വലിയ ഗതാഗത തടസ്സങ്ങൾക്ക് കാരണമാകുന്നു. റോഡിലേക്കും പെട്രോൾ പമ്പുകളിലേക്കും വാഹനങ്ങൾ കയറ്റുന്നതിന് അനുഭവപ്പെടുന്ന പ്രയാസം മൂലം യാത്രക്കാർ ദുരിതത്തിലാണ്.
കാനയോട് ചേർന്ന് നിർമിച്ചിട്ടുള്ള റാംപുകൾ അപര്യാപ്തമാണെന്നും, ഇവ കാര്യക്ഷമമല്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. ഇന്നലെ രാവിലെ 6 മണിയോടെ അരൂർ പെട്രോൾ പമ്പിന് സമീപം വലിയൊരു അപകടം നടന്നു.
കോഴിക്കോട് നിന്നും ചരക്കിറക്കി കലവൂരിലേക്ക് പോവുകയായിരുന്ന 12 വീലുകളുള്ള മൾട്ടി ആക്സിൽ ചരക്ക് ലോറി ഇന്ധനം നിറച്ച ശേഷം തിരികെ ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെ കാനയുടെ മുകളിൽ കുടുങ്ങുകയായിരുന്നു. ലോറിയുടെ അടിഭാഗം കാനയിൽ തട്ടിയതോടെ മുൻഭാഗം റോഡിലേക്ക് തള്ളിനിൽക്കുന്ന നിലയിലായി.
തുടർന്ന് ഒരു മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് വാഹനം റോഡിലേക്ക് ഇറക്കിയത്.
ഇതേ പെട്രോൾ പമ്പിന് മുന്നിൽ സമാനമായ സംഭവങ്ങൾ ആവർത്തിക്കുകയാണ്. ഒരു മാസം മുൻപ് തടി കയറ്റി വന്ന മറ്റൊരു ലോറിയും ഇതേ കാനയിൽ തട്ടി കുടുങ്ങിയിരുന്നു.
അന്ന് ലോറിയുടെ ടയർ പഞ്ചറാവുകയും, ക്രെയിൻ ഉപയോഗിച്ച് മറ്റൊരു വാഹനത്തിലേക്ക് ചരക്ക് മാറ്റിക്കൊണ്ടുമാണ് വാഹനം നീക്കം ചെയ്യാൻ സാധിച്ചത്. ശാസ്ത്രീയമല്ലാത്ത രീതിയിൽ നിർമിച്ചിരിക്കുന്ന കാന വാഹനയാത്രക്കാർക്ക് വലിയ സുരക്ഷാ ഭീഷണിയാണ് ഉയർത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

