പത്തനംതിട്ട ജില്ലയിലെ ചിറ്റാറിൽ 35 വയസ്സുള്ള യുവാവ് ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട സംഭവത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് യുവതിയുടെ ബന്ധുക്കളായ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. നിലവിൽ ചിറ്റാർ പോലീസ് ഇവർ ചോദ്യം ചെയ്തുവരികയാണ്.
ഞായറാഴ്ച രാത്രിയിലാണ് ചിറ്റാർ സ്വദേശിയായ സന്ദീപിനെ വീടിന് സമീപമുള്ള കുഴിയിൽ അവശനിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
താൻ അടുപ്പത്തിലായിരുന്ന യുവതിയെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്ന് പറഞ്ഞാണ് സന്ദീപ് വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ ഗുരുതരമായ ആരോപണങ്ങളാണ് സന്ദീപിന്റെ പിതാവ് സദാനന്ദൻ ഉന്നയിച്ചിരിക്കുന്നത്.
മകനെ യുവതിയുടെ ബന്ധുക്കൾ മർദിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പരാതി. ഈ ആരോപണം ഉൾപ്പെടെയുള്ള വിവിധ വശങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം മുന്നോട്ട് പോകുന്നത്.
സന്ദീപിന്റെ മരണത്തിന് പിന്നാലെ, ബന്ധപ്പെട്ട യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചതായും വിവരം ലഭിച്ചിട്ടുണ്ട്.
മരണം കൊലപാതകമാണോ എന്ന കാര്യത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം മാത്രമേ വ്യക്തത വരൂ എന്ന് പോലീസ് അറിയിച്ചു. നിലവിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
ഫോറൻസിക് പരിശോധനാ ഫലങ്ങളും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ലഭിക്കുന്നതോടെ മരണകാരണം സംബന്ധിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തുവരുമെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

