കാഞ്ഞങ്ങാട് സൗത്ത് സ്കൂളിന് സമീപമുള്ള റെയിൽപാളത്തിൽ ഗുരുതര പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവാവിനെ രക്ഷപ്പെടുത്തിയത് ഏറെ സാഹസികമായ ഇടപെടലിലൂടെ. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.
റെയിൽവേ ട്രാക്കിൽ ഒരാൾ വീണുകിടക്കുന്നതായി ലോക്കോപൈലറ്റ് നൽകിയ വിവരം സ്റ്റേഷൻ മാസ്റ്റർ വഴി പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ വെള്ളിക്കോത്ത് ആലിങ്കാൽ സ്വദേശിയായ യുവാവിനെ സൗത്ത് സ്കൂളിന് സമീപത്തെ ട്രാക്കിൽ കണ്ടെത്തുകയായിരുന്നു.
വിവരമറിഞ്ഞ് സിവിൽ ഡിഫൻസ് അംഗവും കാഞ്ഞങ്ങാട് ‘നന്മമരം’ പ്രവർത്തകനുമായ സലാം കേരള സ്ഥലത്തെത്തി. സ്ഥലത്തേക്ക് ആംബുലൻസിന് നേരിട്ടെത്താൻ കഴിയാത്ത സാഹചര്യമായിരുന്നു ഉണ്ടായിരുന്നത്.
ഈ നിർണായക നിമിഷത്തിൽ, നിത്യാനന്ദാശ്രമത്തിലെ ജീവനക്കാരൻ സന്തോഷിനോട് സലാം ഉടുമുണ്ട് ചോദിച്ചുവാങ്ങി. മുണ്ട് സ്ട്രെച്ചറായി ഉപയോഗിച്ച് പരുക്കേറ്റ യുവാവിനെ അതിൽ കിടത്തി സലാമും സന്തോഷും പൊലീസുകാരും ചേർന്ന് അഗ്നിരക്ഷാസേനയുടെ ആംബുലൻസ് നിർത്തിയിട്ടിരുന്ന സ്ഥലത്തേക്ക് ഒരു കിലോമീറ്ററോളം ദൂരം ഓടി.
ഉടനടി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ച യുവാവിനെ പിന്നീട് കാസർകോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. നിലവിൽ യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

