കാക്കനാട് സീപോർട്ട് എയർപോർട്ട് റോഡിൽ നടന്നു വരുന്ന മെട്രോ റെയിൽ സംരക്ഷണ ഭിത്തി നിർമാണം പ്രദേശവാസികൾക്കും യാത്രക്കാർക്കും വലിയ പ്രതിസന്ധിയായി മാറുന്നു. ടിവി സെന്റർ ജംക്ഷനിൽ നിലവിലുണ്ടായിരുന്ന ഓവുചാൽ പൂർണമായി പൊളിച്ചു നീക്കിയാണ് കൂറ്റൻ സംരക്ഷണ ഭിത്തിയുടെ നിർമാണം പുരോഗമിക്കുന്നത്.
മഴവെള്ളം ഒഴുകിപ്പോകാൻ വഴികളില്ലാതായതോടെ വെള്ളം റോഡിലേക്ക് പരന്നൊഴുകുന്ന അവസ്ഥയാണുള്ളത്. മഴ ശക്തമാകുന്ന സാഹചര്യത്തിൽ റോഡിലെ വെള്ളം സമീപത്തെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും ഇരച്ചുകയറുന്നത് പതിവായിരിക്കുകയാണ്.
മതിയായ മുന്നൊരുക്കങ്ങൾ നടത്താതെ ഓവുചാൽ പൊളിച്ചതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം. നിർമാണ മേഖലയിൽ രൂപപ്പെട്ട
വലിയ കുഴികളിൽ മഴവെള്ളം കെട്ടിക്കിടക്കുന്നത് അപകടങ്ങൾക്ക് വഴിവെക്കുന്നുണ്ട്. ഈ കുഴികൾ ശ്രദ്ധയിൽപ്പെടാതെ ഇരുചക്ര വാഹനങ്ങളും കാൽനടയാത്രക്കാരും അപകടത്തിൽപ്പെടുന്നത് ഇവിടെ നിത്യസംഭവമായി മാറി.
നിലവിൽ പൊളിച്ചിട്ടിരിക്കുന്ന ഓവുചാലിന് പകരം താൽക്കാലിക സംവിധാനമെങ്കിലും ഒരുക്കണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം. കാലവർഷം പൂർണതോതിൽ ശക്തിപ്രാപിക്കുന്നതോടെ ടിവി സെന്റർ ജംക്ഷൻ വെള്ളത്തിനടിയിലാകുമെന്ന ആശങ്ക ശക്തമാണ്.
വീതി കുറവായ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാണ്. ഇതിനിടയിലേക്ക് വെള്ളം കൂടി കയറിയാൽ ഗതാഗതം പൂർണമായും തടസ്സപ്പെടും.
സംരക്ഷണ ഭിത്തിയുടെ നിർമാണം പൂർത്തിയാകുമ്പോൾ ശാസ്ത്രീയമായ രീതിയിൽ വെള്ളം ഒഴുകിപ്പോകാനുള്ള സ്ഥിരം സംവിധാനം ഒരുക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ തൃക്കാക്കര സഹകരണ ആശുപത്രിക്കും ഓണം പാർക്കിനും ഇടയിലുള്ള ഭാഗവും അപകടക്കെണിയായി മാറിയിട്ടുണ്ട്.
റോഡിന്റെ ടാർ ചെയ്ത ഭാഗവും വശങ്ങളും തമ്മിൽ വലിയ ഉയര വ്യത്യാസം രൂപപ്പെട്ടത് ഗതാഗതത്തെ സാരമായി ബാധിക്കുന്നുണ്ട്. ഇരുചക്ര വാഹനങ്ങൾ ഇവിടെ അപകടത്തിൽപ്പെടുന്നത് പതിവാണ്.
വിഷയത്തിൽ നിരവധി തവണ പരാതികൾ നൽകിയിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ലെന്ന് പ്രദേശവാസികൾ കുറ്റപ്പെടുത്തുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

